സാമൂഹിക മാധ്യമങ്ങള്‍ വഴിയും വിവിധ സംഘടനകള്‍ വഴിയും ഡിമന്‍ഷ്യ അവബോധ പരിപാടികളുടെ പ്രചാരണം നടത്താന്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബോധി അവലോകന യോഗത്തില്‍ തീരുമാനമായി. ജില്ലയെ ഡിമന്‍ഷ്യ സൗഹൃദമാക്കുക, ഡിമന്‍ഷ്യ അവബോധം സമൂഹത്തില്‍ വളര്‍ത്തുക, സംസ്ഥാനത്ത് ഡിമന്‍ഷ്യ നയം തയ്യാറാക്കുക എന്നീ ലക്ഷ്യങ്ങളുമായാണ് ബോധി പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
ജില്ലാ ഭരണകൂടവും സാമൂഹികനീതി വകുപ്പും കുസാറ്റിലെ സെന്റര്‍ ന്യൂറോസയന്‍സും സംയുക്തമായി ആവിഷ്‌കരിച്ച ബോധി പദ്ധതി ന്യൂറോ സയന്‍സ് വിഭാഗത്തിലെ ഇന്റര്‍ ഡിസിപ്ലിനറി റിസര്‍ച്ച് കം ആക്ഷന്‍ പ്രൊജക്ട് പ്ലാറ്റ്‌ഫോം ആയ ‘പ്രജ്ഞ’യാണ് ഏകോപിപ്പിക്കുന്നത്. ഏപ്രില്‍ ഒന്നിനാണ് ജില്ലയില്‍ ബോധി പദ്ധതി ആരംഭിച്ചത്.
ജൂലൈ 27 ന് എറണാകുളം ടൗണ്‍ഹാളില്‍ നടക്കുന്ന മെയിന്റനന്‍സ് ട്രിബ്യൂണല്‍ അദാലത്തിന്റെ ഭാഗമായി ബോധിയുടെ കിയോസ്‌ക് സ്ഥാപിക്കുന്നതിനു കളക്ടര്‍ നിര്‍ദ്ദേശിച്ചു. പൊതു ജനങ്ങള്‍ക്ക് ഡിമന്‍ഷ്യ പരിശോധനയ്ക്കും സൗകര്യമൊരുക്കും. ഡിമന്‍ഷ്യ അവബോധ പരിശീലനവും ഇതോടൊപ്പം സംഘടിപ്പിക്കും.
ഡിമന്‍ഷ്യ അവബോധ പ്രവര്‍ത്തനങ്ങളെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ നിര്‍ദേശിച്ചു. എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും പകല്‍ വീടുകളും ഡിമന്‍ഷ്യ കെയര്‍ കേന്ദ്രങ്ങളും ആരംഭിക്കാനുള്ള ശ്രമങ്ങള്‍ നടത്തും. ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, പോലീസ്, ഡിമന്‍ഷ്യ ബാധിതരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കിടയില്‍ ഡിമന്‍ഷ്യ അവബോധം വളര്‍ത്തുന്നതിന് സെമിനാറുകളും വെബിനാറുകളും സംഘടിപ്പിക്കും. വക്കീലന്മാര്‍, പാരാലീഗല്‍ വോളന്റിയര്‍മാര്‍, പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെ ബോധി പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കും.
സെപ്തംബര്‍ 21 ന് മറവി രോഗങ്ങളെ കുറിച്ച് അവബോധം സൃഷിടിക്കുന്നതിനായി വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനമായി. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ന്യൂറോ സയന്‍സ് വിഭാഗത്തിലെ ജീവനക്കാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സാമൂഹിക നീതി വകുപ്പിലെ ഉദ്യോഗസ്ഥര്‍, വനിത ശിശു വികസന വകുപ്പിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.