തിരുവനന്തപുരം: ഭരണപക്ഷ യൂണിയനുമായുള്ള രൂക്ഷമായ തർക്കത്തിൽ ആയിരുന്ന ബി അശോകനെ കെ എസ് ഇ ബി ചെയർമാൻ സ്ഥാനത്ത് നിന്നും മാറ്റി. രാജൻ എൻ ഖോബ്രഗഡെയാണ് പുതിയ ചെയർമാൻ.
ബി അശോകനെ കൃഷിവകുപ്പ് സെക്രട്ടറിയായാണ് നിയമിച്ചിരിക്കുന്നത്. യൂണിയനുമായുള്ള തർക്കത്തിൽ അശോകനെ ചെയർമാൻ സ്ഥാനത്ത് നിന്നും മാറ്റാൻ സർക്കാരിന്മേൽ കടുത്ത സമ്മർദ്ദം ഉണ്ടായിരുന്നു. 15/07/22 വെള്ളിയാഴ്ച ഒരു വർഷം പൂർത്തിയാക്കാൻ ഇരിക്കെയാണ് മാറ്റം. ചെയർമാനെ മാറ്റാതെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ. നിരവധി തവണ ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
അവസാന വട്ട ചർച്ച കഴിഞ്ഞതിന്റെ പിറ്റേ ദിവസം അസോസിയേഷൻ പ്രസിഡന്റ് എംജി സുരേഷ് കുമാറിനെതിരെ അനധികൃതമായി വാഹനം ഉപയോഗിച്ചതിന് അശോക് പിഴ ചുമത്തിയിരുന്നു. സമരം നീണ്ടുപോകുന്നത് തിരിച്ചടിയാകും എന്നതിനാലായിരുന്നു അസോസിയേഷൻ താൽക്കാലികമായി സമരം നിർത്തിയത്. ഹൈക്കോടതിയുടെ ഇടപെടലും സമരം അവസാനിപ്പിക്കാൻ കാരണമായി തീർന്നു.

