മാലെ (മാലദ്വീപ്): ശ്രീലങ്കയില്‍നിന്നു രക്ഷപ്പെട്ടെത്തിയ പ്രസിഡന്റ് ഗോട്ടബയ രാജപക്ഷെയ്ക്ക് സുരക്ഷിത ഇടം നല്‍കരുതെന്ന് മാലദ്വീപിനോട് അഭ്യര്‍ഥിച്ച് ലങ്കന്‍ പ്രവാസികള്‍.പ്രിയ മാലെദ്വീപ് സുഹൃത്തുക്കളെ, കുറ്റവാളികളെ സംരക്ഷിക്കരുതെന്ന് നിങ്ങളുടെ സര്‍ക്കാരിനോട് ആവശ്യപ്പെടൂ എന്ന് എഴുതിയ പ്ലക്കാര്‍ഡുകളും പേറിയാണ് ലങ്കന്‍ പ്രവാസികള്‍ ആഞ്ഞടിച്ചത്. അതിനിടെ,സൈനിക വിമാനത്തില്‍ എത്തിയ രാജപക്സെ വെലാന രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് പോകുമ്പോള്‍ അവിടെയുണ്ടായിരുന്നവര്‍ അദ്ദേഹത്തെ അധിക്ഷേപിക്കുന്നതിന്റെ സ്ഥിരീകരിക്കാത്ത വീഡിയോകള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടു.
13/07/22 ബുധനാഴ്ച മാലെയിലെ കൃത്രിമ ബീച്ചില്‍ ശ്രീലങ്കക്കാര്‍ പ്രതിഷേധിച്ചപ്പോള്‍, സ്പെഷല്‍ ഓപ്പറേഷന്‍സ് പോലീസ് പ്ലക്കാര്‍ഡുകള്‍ പിടിച്ചെടുത്ത് പ്രകടനക്കാരെ പിരിച്ചുവിട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു.മാലെയില്‍ ആഢംബര റിസോര്‍ട്ടിലാണ് രാജപക്ഷെയെന്നും അവിടെനിന്ന് യു.എ.ഇയിലേക്കോ സിംഗപ്പൂരിലേക്കോ പോകുമെന്നും പ്രാദേശിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ രണ്ടു രാജ്യങ്ങളിലും ശ്രീലങ്കന്‍ പ്രവാസികള്‍ ഉള്ളതിനാല്‍ സുരക്ഷ ഉറപ്പാക്കുക വെല്ലുവിളിയാണ്. യുദ്ധക്കുറ്റങ്ങള്‍ ഉള്‍പ്പെടെ നിരവധി കോടതി കേസുകള്‍ നേരിടുന്ന രാജപക്ഷെയ്ക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിനെ മുഖ്യ പ്രതിപക്ഷമായ പ്രോഗ്രസീവ് പാര്‍ട്ടി ഓഫ് മാലദ്വീപ് എതിര്‍ത്തു. വെറുക്കപ്പെട്ട രാജപക്ഷെയെ അംഗീകരിക്കുന്നതിലൂടെ ശ്രീലങ്കയിലെ സുഹൃത്തുക്കളെ ഒറ്റിക്കൊടുക്കുകയാണെന്നാണ് ഒരു പി.പി.എം നേതാവിന്റെ പ്രതികരണം.