എറണാകുളത്ത് ദേശീയ പതാകയോട് അനാദരവ്

കൊച്ചി:എറണാകുളം ഇരുമ്പനത്ത് ദേശീയ പതാകയും കോസ്റ്റ് ഗാർഡിന്റെ പതാകയും മാലിന്യകൂമ്പാരത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പരിസരവാസിയായ വിമുക്തഭടന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 2022 ജൂലൈ 11ന് രാത്രിയിലാണ് ഇരുമ്പനം കടവത്ത് കടവ് റോഡ് സൈഡിൽ ആളൊഴിഞ്ഞ പറമ്പിൽ മാലിന്യം വാഹനത്തിൽ കൊണ്ടുവന്നത് തള്ളിയത്. രാവിലെ പ്രഭാതസവാരിക്കിറങ്ങിയവരാണ് മാലിന്യകൂമ്പാരത്തിനുള്ളിൽ ദേശീയ പതാകയും കോസ്റ്റ് ഗാർഡിന്റെ പതാകയും കണ്ടത്.

ഇവർ വിവരമറിയിച്ചതിനെ തുടർന്ന് ഹിൽപാലസ് പൊലീസ് സ്ഥലത്തെത്തി ദേശീയ പതാക, മാലിന്യ കൂമ്പാരത്തിൽ നിന്ന് എടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കോസ്റ്റ് ഗാർഡ് നശിപ്പിക്കാൻ ഏൽപ്പിച്ച ഉപയോഗ്യശൂന്യമായ ലൈഫ് ജാക്കറ്റുകളടക്കമുള്ള പാഴ് വസ്തുക്കളുടെ കൂട്ടത്തിലാണ് ദേശീയ പതാകയും കോസ്റ്റ് ഗാർഡ് പതാകയും ഉണ്ടായിരുന്നത്. വിവരമറിഞ്ഞെത്തിയ പൊലീസ് ദേശീയ പതാകയെ അനാദരിച്ചതിലും ജനവാസ കേന്ദ്രത്തിൽ മാലിന്യം തള്ളിയതിലും കേസെടുത്തു. ദേശീയ പതാകയും കോസ്റ്റ് ഗാർഡ് പതാകയും മാലിന്യകൂമ്പാരത്തിലെത്തിയതിൽ കോസ്റ്റ് ഗാർഡും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →