കൊച്ചി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. ശ്രീലങ്കയിലേക്ക് ചൂര മത്സ്യം കയറ്റുമതി ചെയ്തതിൽ അടക്കം അഴിമതി നടത്തിയെന്ന പരാതിയിലാണ് കേസ്. മുഹമ്മദ് ഫൈസൽ എംപി കൂട്ട് പ്രതികളുമായി ചേർന്ന് ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് സിബിഐയുടെ എഫ്ഐആറിൽ പറയുന്നത്. മത്സ്യത്തിന് കൂടിയ വില നൽകാമെന്ന് വാഗ്ദാനം നൽകി സംഭരിച്ച് ലക്ഷദ്വീപ് കോപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ വഴി കയറ്റുമതി നടത്തി, പണം നൽകാതെ പാവപ്പെട്ട മത്സ്യ തൊഴിലാളികൾക്കും, സഹകരണ സ്ഥാപനത്തിനും 9 കോടിയുടെ നഷ്ടം വരുത്തി എന്നിവയാണ് എഫ്ഐആറിലെ സിബിഐയുടെ കണ്ടെത്തൽ.
കേസുമായി ബന്ധപ്പെട്ട് കോഴിക്കോട്, ദില്ലി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ സിബിഐ പരിശോധന നടത്തുകയാണ്.ലക്ഷദ്വീപ് എംപിയും എൻസിപി നേതാവുമായ മുഹമ്മദ് ഫൈസൽ ആണ് കേസിൽ ഒന്നാം പ്രതി,ഫൈസലിന്റെ ബന്ധുവായ ആന്ത്രോത് ദ്വീപ് സ്വദേശി അബ്ദുൾ റസാഖ്, ലക്ഷദ്വീപ് കോപറേറ്റിംവ് മാർക്കറ്റിംഗ് ഫെഡറേഷന് എംഡി അൻവർ, ലക്ഷദ്വീപിലെ രണ്ട് സർക്കാർ ഉദ്യോഗസ്ഥർ എന്നിവരടക്കം ആറ് പേരെയാണ് എഫ്ഐആറിൽ പ്രതി ചേർത്തിരിക്കുന്നത്