ന്യൂഡല്‍ഹി: പുതുതായി നിര്‍മിക്കുന്ന പാര്‍ലമെന്റ് മന്ദിരത്തിനു മുകളിലെ അശോകസ്തംഭവും അത് പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തതും വിവാദത്തില്‍. പാര്‍ലമെന്റ് വിളിച്ചു ചേര്‍ക്കുന്നത് രാഷ്ട്രപതിയാണെന്നും എക്സിക്യുട്ടീവിന്റെ തലവനായ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് ഭരണഘടനാ കീഴ്വഴക്കങ്ങളുടെ ലംഘനമാണെന്നും സി.പി.എം. ഉള്‍പ്പെടെയുള്ള പ്രതിപക്ഷകക്ഷികള്‍ വിമര്‍ശിച്ചു. ദേശീയചിഹ്നത്തില്‍ രൂപമാറ്റം വരുത്തി അപമാനിച്ചതായും വിമര്‍ശനമുയര്‍ന്നു. അശോകസ്തംഭത്തിലെ സിംഹങ്ങളുടെ രൂപകല്പ്പനയെച്ചൊല്ലിയാണ് വിമര്‍ശനം. ” യഥാര്‍ത്ഥ ചിഹ്നത്തിന് സൗമ്യമായ ഭാവമാണ്. എന്നാല്‍ പുതിയ ശില്പത്തിലുള്ളവ രാജ്യത്തെ എല്ലാം തിന്നൊടുക്കുന്ന നരഭോജി പ്രവണത കാണിക്കുന്നു. ഓരോ ചിഹ്നവും ഒരു മനുഷ്യന്റെ ചിന്തയെ കാണിക്കുന്നു.- ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദള്‍ ട്വീറ്റ് ചെയ്തു. നമ്മുടെ ദേശീയ ചിഹ്നമായ മഹത്തായ അശോകന്റെ സിംഹങ്ങളോടുള്ള അപമാനം” എന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാംഗവും പ്രസാര്‍ ഭാരതിയുടെ മുന്‍ സി.ഇ.ഒയുമായ ജവഹര്‍ സിര്‍കാറിന്റെ പ്രതികരണം.
ദേശീയചിഹ്നത്തിന്റെയും അതിന്റെ പുതിയ പതിപ്പിന്റെയും ചിത്രങ്ങള്‍ അടുത്തടുത്തായി പങ്കുവെച്ചുകൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്തു, ‘യഥാര്‍ഥം ഇടതുവശത്തേതാണ്. ഭംഗിയുള്ളതും ആത്മവിശ്വാസമുള്ളതും. വലതുവശത്തുള്ളത് മോദിയുടെ പതിപ്പാണ്, പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുകളില്വച്ചിരിക്കുന്നത് – മുരളുന്നത്, അനാവശ്യമായി ആക്രമണാത്മകം, അനുപാതരഹിതം. ഉടനെ മാറ്റുക!”-സിര്‍കാര്‍ ട്വീറ്റ് ചെയ്തു. സിംഹത്തിന്റെ മുഖഭാവത്തില്‍ ആക്രമണ സ്വഭാവമുണ്ടെന്നു നിരീക്ഷിച്ചാല്‍ മനസിലാകും. സാമ്രാട്ട് അശോകന് പറയാന്‍ ശ്രമിച്ചത് നിയന്ത്രിതരാജത്വമായിരുന്നു. സിംഹങ്ങളെപ്പോലെ ആക്രമണകാരികളായ ജീവികളുടെ മുഖത്തെ ശാന്തമായ ഭാവത്തിലൂടെ സമാധാനത്തിന്റെ മൂര്‍ത്തീഭാവമെന്ന സന്ദേശം നല്‍കാനാണ് അശോകന് ശ്രമിച്ചത്.” -ഒരു ദേശീയ മാധ്യമത്തോടു സിര്‍കാര്‍ പറഞ്ഞു.
എന്നാല്‍, സമൂഹത്തില്‍ എല്ലാം പരിണമിക്കുന്നു എന്നായിരുന്നു ഇതിന് ബി.ജെ.പി. നേതാവ് ചന്ദ്ര കുമാര്‍ ബോസിന്റെ മറുപടി. ” സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷങ്ങള്‍ക്ക് ശേഷം നമ്മളും പരിണമിച്ചു. കലാകാരന്റെ ആവിഷ്കാരം ഒരു സര്‍ക്കാരിന്റെ അംഗീകാരം ആയിരിക്കണമെന്നില്ല. എല്ലാത്തിനും സര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും കുറ്റപ്പെടുത്തരുത്. ഘടനയില്‍ മാറ്റമുണ്ടെന്ന് സമ്മതിക്കുന്നു.ഒരുപക്ഷെ ഇന്നത്തേത് വ്യത്യസ്തമായ ഇന്ത്യ ആയിരിക്കാം. – ചന്ദ്ര കുമാര്‍ ബോസ് പറഞ്ഞു. തൃണമൂല്‍ എം.പി മഹുവ മൊയ്ത്ര, അഭിപ്രായപ്രകടനങ്ങളില്ലാതെ രണ്ട് ചിത്രങ്ങളും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. അതേ സമയം, ദേശീയചിഹ്നത്തില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്ന് രൂപകല്‍പ്പന ചെയ്തവര്‍ പറഞ്ഞു. ഭരണഘടനാ സ്ഥാപനത്തില്‍ പ്രധാനമന്ത്രി പൂജ നടത്തിയതും ഭരണഘടനാ തത്വങ്ങളോടുള്ള അവഹേളനമാണെന്നു സി.പി.എം. പൊളിറ്റ് ബ്യൂറോ വിമര്‍ശിച്ചു.

