ന്യൂഡൽഹി : ഇന്റർനെറ്റ് കണക്ഷനുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം രണ്ടാം സ്ഥാനത്ത്. ∙ഒന്നാമതു ഡൽഹിയാണ്. കേരളത്തിൽ ഓരോ നൂറുപേരിലും 87 പേർക്ക് ഇന്റർനെറ്റ് കണക്ഷനുണ്ടെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ കണക്ക്. ദേശീയ തലത്തിൽ ഇത് 60 ആണ്. ഓരോ 100 പേരിലും ഏറ്റവും കൂടുതൽ ഡൽഹിയിൽ. 100 പേർക്ക് 186 ഇന്റർനെറ്റ് കണക്ഷനുണ്ടെന്നാണ് കണക്ക്.
ഗ്രാമീണമേഖലയിൽ ഏറ്റവുമധികം ഇന്റർനെറ്റ് സാന്ദ്രത കേരളത്തിലാണ്. മിക്ക സംസ്ഥാനങ്ങളിലും നഗരമേഖലകളിൽ കണക്ഷനുകളുടെ എണ്ണം കൂടുമ്പോൾ കേരളത്തിൽ തിരിച്ചാണ്. കേരളത്തിലെ നഗരമേഖലകളിൽ ഓരോ 100 പേരിൽ 64 പേർക്കാണ് ഇന്റർനെറ്റ് കണക്ഷനുള്ളതെങ്കിൽ ഗ്രാമീണമേഖലകളിൽ 100 പേർക്കു 149 കണക്ഷനുകളാണ്. ദേശീയ തലത്തിൽ ഗ്രാമീണ മേഖലയിൽ ഓരോ 100 പേരിലും 37 പേർക്ക് മാത്രമാണ് ഇന്റർനെറ്റ് ഉള്ളത്. നഗരമേഖയിൽ 103 ആണ്. കേരളത്തിൽ ആകെ ഇന്റർനെറ്റ് കണക്ഷൻ 3.1 കോടി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കണക്ഷൻ : 7.14 കോടി.
2021 ഡിസംബർ വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് ഒരു വ്യക്തിയുടെ ശരാശരി പ്രതിമാസ ഇന്റർനെറ്റ് ഉപഭോഗം 14.04 ജിബി. കോവിഡിനു മുൻപ് 2019ൽ ഒരു വ്യക്തിയുടെ ഒരു മാസത്തെ ഉപയോഗം ശരാശരി 9.77 ജിബി ഡേറ്റയായിരുന്നു. 2021 ഒക്ടോബർ മുതൽ ഡിസംബർ വരെ ഇന്ത്യയിലെ മൊബൈൽ ഉപഭോക്താക്കൾ ഉപയോഗിച്ചത് 4.7 ജിബി വലുപ്പമുള്ള 772 കോടി സിനിമകൾക്ക് തത്തുല്യമായ ഇന്റർനെറ്റ് ഡേറ്റയാണ്, അഥവാ 34,608 പെറ്റാബൈറ്റ്! (1 പെറ്റാബൈറ്റ്=10.48 ലക്ഷം ജിബി) . 2019ൽ ഇതേ സമയത്തിത് ഏകദേശം 400 കോടി സിനിമയ്ക്കു തുല്യമായ ഡേറ്റ മാത്രമാണ് ഉപയോഗിച്ചത്.
ഡൽഹി-186, കേരളം – 87,പഞ്ചാബ് – 86,ഹിമാചൽ പ്രദേശ് -86, മഹാരാഷ്ട്ര-79 എന്നിങ്ങനെയാണ് ഓരോ 100 പേരിലും ഇന്റർ നെറ്റ് കണക്ഷൻ ഉളളവരുടെ അനുപാതം

