ആലപ്പുഴ: ആറാട്ടുകളങ്ങര കണ്ണമംഗലം റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നായ ചികിത്സക്കിടെ ചത്തു. കരുനാഗപ്പള്ളിയിലെ വെറ്റ്സ് എൻ പെറ്റ്സ് ഫോർട്ട് ഹോം എന്ന സ്വകാര്യ മൃഗാശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് നായ ചത്തത്. വയറ്റിൽ വെടിയുണ്ടകളുമായാണ് നാട്ടുകാർ നായയെ കണ്ടെത്തുന്നത്. എയർഗണ്ണിൽ ഉപയോഗിക്കുന്ന പെല്ലറ്റുകളാണ് ശരീരത്തിൽ ഉണ്ടായിരുന്നത്. മൂന്ന് വെടിയുണ്ടകൾ ശരീരത്തിൽ കണ്ടെത്തി.
വെടിവെയ്പ് പരിശീലനത്തിന് നായയെ ഉപയോഗിച്ചെന്നായിരുന്നു പൊലീസിൻറെ നിഗമനം. . അവശനിലയിൽ അനങ്ങാൻ കഴിയാത്ത നിലയിലായിരുന്നു.എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത നായയെ നാട്ടുകാർ പരിചരണത്തിലൂടെ രക്ഷപെടുത്താൻ ശ്രമം നടത്തി. വിഫലമായതിനെത്തുടർന്ന് വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്‌ഹോകസ് എന്ന വാട്സ്അപ് കൂട്ടായ്മയെ വിവരം അറിയിച്ചു. അംഗങ്ങൾ എത്തി നായയ്ക്ക് ശുശ്രൂഷ നൽകി. കുത്തിവയ്പ്പും മരുന്നും നൽകി . എന്നിട്ടും നായയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതി ഇല്ലാത്തതിനെത്തുസർന്നാണ് കരുനാഗപ്പള്ളിയിലെ സ്വകാര്യ മൃഗാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
തുടർന്ന് ഡോക്ടർമാർ നടത്തിയ വിശദമായ പരിശോധനയിലാണ് ശരീരത്തിൽ വെടിയുണ്ടകൾ കണ്ടത്. ശസ്ത്രക്രിയയിലൂടെ ബുള്ളറ്റുകൾ നീക്കം ചെയ്താലും ജീവൻ രക്ഷിക്കാൻ സാധ്യത കുറവാണെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു