പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ അശോകസ്തംഭം അനാവരണം ചെയ്ത് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിനു മുകളില്‍ സ്ഥാപിക്കാനുള്ള ദേശീയ ചിഹ്നമായ അശോകസ്തംഭം പ്രധാനമന്ത്രി നരേന്ദ്ര മോദി അനാവരണം ചെയ്തു. വൃത്താകൃതിയിലുള്ള മണിച്ചട്ടത്തിനുള്ളില്‍ നാലു സിംഹങ്ങള്‍ പരസ്പരം പുറംതിരിഞ്ഞുനില്‍ക്കുന്ന ത്രിമാന രൂപത്തിലള്ളതാണ് ദേശീയ ചിഹ്നം. ധര്‍മചക്രം, ഒരു കാള, കുതിര എന്നിവയും ഇതിന്റെ അടിയിലുണ്ട്. കളിമണ്‍ മാതൃക, കമ്പ്യൂട്ടര്‍ ഗ്രാഫിക്സ്, വെങ്കല മൂശ, മിനുക്കല്‍ എന്നിവടയക്കം എട്ടു ഘട്ടങ്ങളിലൂടെ കടന്നുപോകുന്നതാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിനു മുകളില്‍ സ്ഥാപിക്കാനുള്ള പ്രതിമയുടെ ആശയരൂപകല്‍പനയും മറ്റു പ്രവര്‍ത്തികളും. വെങ്കലത്തിലാണ് പ്രതിമ നിര്‍മിച്ചിട്ടുള്ളത്. ആറര മീറ്റര്‍ ഉയരവും 9500 കിലോഗ്രാം ഭാരവുമുണ്ട്. സ്തംഭത്തെ താങ്ങായി ഏതാണ്ട് 6500 കിലോഗ്രാം ഭാരമുള്ള ഉരുക്കുചട്ടവും ഇതിനൊപ്പം പണിതീര്‍ത്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പൂജ കഴിഞ്ഞാണ് പ്രതിമ അനാവരണം ചെയ്തത്. ലോക്സഭാ സ്പീക്കര്‍ ഓം പ്രകാശ് ബിര്‍ള, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ്, പാര്‍ലമെന്ററികാര്യമന്ത്രി പ്രഹല്‍ദ് ജോഷി, കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. പാര്‍ലമെന്റ് സമുച്ചയനിര്‍മാണത്തിന്റെ ഭാഗമായുള്ള സ്തംഭം സാര്‍നാഥ് മ്യൂസിയത്തില്‍ സൂക്ഷിച്ചുള്ള അശോകചക്രവര്‍ത്തിയുടെ കാലത്തെ അശോകസ്തംഭത്തിന്റെ മാതൃകയിലുള്ളതാണ്.

സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായ പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മാണം ടാറ്റാ പ്രോജക്ട്സാണ് നടത്തുന്നത്.13 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന നാലുനില കെട്ടിടം ഒക്ടോബറോടെ പൂര്‍ത്തിയാക്കുമെന്നാണ് കരുതുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →