ലണ്ടന്‍: തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ജനസംഖ്യയില്‍ ഇടിവ് രേഖപ്പെടുത്തി യൂറോപ്യന്‍ യൂണിയന്‍. 2020 ജനുവരിക്കുശേഷം 27 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ ജനസംഖ്യയില്‍ 6,56,000പേരുടെ കുറവു വന്നതായാണ് യൂറോസ്റ്റാറ്റിന്റെ റിപ്പോര്‍ട്ട്.കോവിഡ് 19 മഹാമാരി മൂലം മേഖലയില്‍ ഇതുവരെ 20 ലക്ഷത്തിലേറെപ്പേര്‍ മരിച്ചതായാണു കണക്കുകള്‍. 2020, 2021 വര്‍ഷങ്ങളില്‍ കുടിയേറ്റത്തില്‍ വര്‍ധനയുണ്ടായെങ്കിലും സ്വാഭാവികമായുണ്ടായ ജനസംഖ്യാ കുറവ് പരിഹരിക്കാന്‍ ഇത് സഹായകരമല്ലെന്നും യൂറോസ്റ്റാറ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.കോവിഡിന്റെ പ്രത്യാഘാതം ജനസംഖ്യ കുറഞ്ഞതിന് പ്രധാനകാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നു. 1960-നു ശേഷം 2011-ല്‍ മാത്രമാണ് ഇതിനു മുമ്പ് യൂറോപ്യന്‍ യൂണിയനിലെ ജനസംഖ്യയില്‍ കുറവ് രേഖപ്പെടുത്തിയത്. കോവിഡ് മഹാമാരി, ചെറുപ്പക്കാരേക്കാന്‍ പ്രായമേറിയവര്‍ കൂടുതലുള്ള ജനസംഖ്യ, താരതമ്യേന കുറഞ്ഞ പ്രത്യുല്‍പ്പാദനനിരക്ക് എന്നിവ കണക്കിലെടുക്കുമ്പോള്‍ വരുംവര്‍ഷങ്ങളിലും മൊത്തം ജനസംഖ്യയില്‍ കുറവു വരാമെന്നും യൂറോസ്റ്റാറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇറ്റലി, പോളണ്ട്, റൊമാനിയ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ജനസംഖ്യാ ഇടിവ് രേഖപ്പെടുത്തിയത്. എന്നാല്‍, ഫ്രാന്‍സ്, നെതര്‍ലാന്‍ഡ്സ്, സ്വീഡന്‍ എന്നിവിടങ്ങളില്‍ ജനസംഖ്യ വര്‍ധിച്ചു. 44.68 കോടി ആളുകള്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ താമസിക്കുന്നുണ്ടെന്നാണ് 2022 ജനുവരി വരെയുള്ള കണക്ക്.