ന്യൂഡല്‍ഹി: മൂംബൈ സ്ഫോടന പരമ്പരക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന അധോലോക കുറ്റവാളി അബു സലേമിന്റെ ശിക്ഷ സംബന്ധിച്ച് പോര്‍ച്ചുഗല്‍ സര്‍ക്കാരിന് നല്കിയ ഉറപ്പുകള്‍ പാലിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് സുപ്രീം കോടതി. 25 വര്‍ഷം ശിക്ഷ പൂര്‍ത്തിയാകുന്ന മുറയ്ക്ക് പ്രതിയെ മോചിപ്പിക്കണമെന്ന് ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, എം.എം.സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
25 വര്‍ഷം പൂര്‍ത്തിയാകുന്നതോടെ ശിക്ഷാ ഇളവിനായി കേന്ദ്ര സര്‍ക്കാരിന് രാഷ്ട്രപതിയെ സമീപിക്കാമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.2002 സെപ്റ്റംബര്‍ 20 ന് പോര്‍ച്ചുഗലില്‍ ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്ത അബുസലേമിനെയും കാമുകി മോണിക്ക ബേദിയെയും 2005 ലാണ് ഇന്ത്യക്ക് കൈമാറിയത്. ഇന്ത്യയില്‍ വിചാരണ നടത്താമെങ്കിലും വധശിക്ഷയോ 25 വര്‍ഷത്തിലേറെ തടവോ നല്‍കില്ലെന്ന വ്യവസ്ഥയോടെയാണു വിട്ടുനല്‍കിയത്. ഈ കാലാവധി അവസാനിച്ചെന്നും തിരികെ പോര്‍ച്ചുഗലിലേക്കു പോകാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അബു സലേം നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.എന്നാല്‍ പോര്‍ച്ചുഗല്‍ ജയിലില്‍ കഴിഞ്ഞ കാലഘട്ടം കൂടി കണക്കാക്കണമെന്ന അബു സലേമിന്റെ ആവശ്യം കോടതി നിരസിച്ചു. 2005 ലാണ് ഇന്ത്യയ്ക്ക് അബു സലേമിനെ കൈമാറിയതെന്നും 2030 ലാണ് 25 വര്‍ഷം തികയുമ്പോള്‍ വിഷയം പരിഗണിക്കാമെന്നുമായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്. മുംബൈ നഗരത്തില്‍ 12 സ്ഥലങ്ങളില്‍ 1993 ല്‍ നടന്ന സ്ഫോടന പരമ്പരയില്‍ 257 പേരാണ് കൊല്ലപ്പെട്ടത്.

