ബാങ്കോക്ക്: പോര്‍ചുഗലിന്റെ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ വില്‍ക്കാനില്ലെന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. പുതിയ കോച്ച് എറിക് ടെന്‍ ഹാഗാണ് ക്ലബിന്റെ നയംവ്യക്തമാക്കിയത്. വരും സീസണില്‍ ക്രിസ്റ്റിയാനോ തന്റെ ടീമിലുണ്ടാകുമെന്ന് അര്‍ഥശങ്കയില്ലാത്ത വിധം ടെന്‍ ഹാഗ് വ്യക്തമാക്കി.37 വയസുകാരനായ ക്രിസ്റ്റിയാനോ യുണൈറ്റഡ് വിടാന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ക്ലബിന് ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാന്‍ കഴിയാത്തതും കരിയറില്‍ ആദ്യമായി യൂറോപ്പ ലീഗില്‍ കളിക്കേണ്ടി വരുന്നതുമാണ് സൂപ്പര്‍ താരത്തെ കൂടുമാറാന്‍ പ്രേരിപ്പിച്ചത്.യുണൈറ്റഡിന്റെ തായ്ലന്ഡ്, ഓസ്ട്രേലിയ പ്രീ സീസണ് പര്യടനത്തില്‍ ക്രിസ്റ്റിയാനോ ഉള്‍പ്പെട്ടില്ല. കുടുംബപരമായ കാരണങ്ങളാലാണ് താരം വിട്ടുനില്‍ക്കുന്നതെന്ന് യുണൈറ്റഡ് അധികൃതര്‍ വിശദീകരിച്ചിരുന്നു.പ്രീമിയര്‍ ലീഗിലെ തന്നെ ചെല്‍സി, ഇറ്റലിയിലെ എ.എസ്. റോമ തുടങ്ങിയ ക്ലബുകള്‍ ക്രിസ്റ്റിയാനോയെ നോട്ടമിടുകയും ഏജന്റ് വഴി ചര്‍ച്ചകളും തുടങ്ങി. ചെല്‍സിക്കെതിരേ ഇവിടെ നടക്കുന്ന സൗഹൃദ മത്സരത്തിനു മുന്നോടിയായാണു ടെന്‍ ഹാഗ് നിലപാട് വ്യക്തമാക്കിയത്. ക്രിസ്റ്റിയാനോയുമായി താന്‍ സംസാരിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
അതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ടെന്‍ ഹാഗ് തയാറായില്ല. കഴിഞ്ഞ സീസണില്‍ ആറാം സ്ഥാനക്കാരായതോടെയാണു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചാമ്പ്യന്‍സ് ലീഗിനു യോഗ്യത നേടാതെ പോയത്. ഡച്ച് ക്ലബ് അയാക്സിന്റെ കോച്ച് സ്ഥാനത്ത് നിന്നാണ് ടെന്‍ ഹാഗ് യുണൈറ്റഡിലെത്തിയത്. 2017 നു ശേഷം അവര്‍ക്ക് ഒരു കിരീടം പോലും നേടാനായിട്ടില്ല.

