അജ്ഞാതകേന്ദ്രത്തില്‍നിന്ന് ഉത്തരവുകള്‍ നല്‍കി കാണാതായ പ്രസിഡന്റ് ഗോട്ടബയ രാജപക്ഷെ

കൊളംബോ: ശ്രീലങ്കയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരവേ അജ്ഞാത കേന്ദ്രത്തില്‍ നിന്ന് ഉത്തരവുകള്‍ നല്‍കി കാണാതായ പ്രസിഡന്റ് ഗോട്ടബയ രാജപക്ഷെ. പാചകവാതക വിതരണം സുഗമമായി നടത്താന്‍ രാജപക്ഷെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ഇന്ധനക്ഷാമം നേടിരുന്നതിനിടെ രാജ്യത്തേക്ക് 3,700 മെട്രിക് ടണ്‍ എല്‍.പി.ജി. കൂടി എത്തിയതിനെത്തുടര്‍ന്നാണിത്. ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്നു കൊട്ടാരം വിട്ടുപോയ പ്രസിഡന്റ് എവിടെയാണെന്നു സ്ഥിരീകരിച്ചിട്ടില്ല. 13 നു രാജിവയ്ക്കുമെന്നു രാജപക്ഷെ, സ്പീക്കര്‍ മഹിന്ദ അബയ്വര്‍ധനയെ അറിയിച്ചിരുന്നു. പ്രസിഡന്റ് രാജിസന്നദ്ധ അറിയിച്ചതോടെ ജനങ്ങള്‍ വിജയാഹല്‍ദം പ്രകടിപ്പിച്ചു. സര്‍വകക്ഷി സര്‍ക്കാര്‍ സ്ഥാനമേല്‍ക്കാന്‍ തയാറാകുന്നതോടെ രാജിവയ്ക്കാമെന്നു പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയും സമ്മതിച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനിടെ നാലു മന്ത്രിമാര്‍ രാജിവച്ചു. പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും അഭാവത്തില്‍ സ്പീക്കര്‍ ആക്ടിങ് പ്രസിഡന്റാകും. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ എം.പിമാര്‍ക്കിടയില്‍ തെരഞ്ഞെടുപ്പ് നടത്തും.

ജൂലൈ 9 ശനിയാഴ്ച പതിനായിരക്കണക്കിനു പ്രക്ഷോഭകര്‍ പ്രസിഡന്റിന്റെ കൊട്ടാരം കൈയേറുകയും പ്രധാനമന്ത്രിയുടെ വസതിക്കു തീയിടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ സമാധാനം ഉറപ്പാക്കാന്‍ സഹകരിക്കണമെന്നു സൈനികമേധാവി ജനറല്‍ ഷവേന്ദ്ര സില്‍വ ജനങ്ങളോട് അഭ്യര്‍ഥിച്ചു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ പ്രക്ഷോഭകര്‍ കൊളംബോയിലും പ്രസിഡന്റിന്റെ കൊട്ടാരത്തിലും തുടരുകയാണെങ്കിലും കാര്യമായ അക്രമസംഭവങ്ങള്‍ ഉണ്ടായില്ല. എന്നാല്‍, പ്രസിഡന്റും പ്രധാനമന്ത്രിയും സ്ഥാനമൊഴിയുന്നതുവരെ ഇരുവരുടേയും വസതികളില്‍ തന്നെ തുടരുമെന്നു പ്രക്ഷോഭകര്‍ വ്യക്തമാക്കി. ”പ്രസിഡന്റ് രാജി വെക്കണം, പ്രധാനമന്ത്രി രാജി വെക്കണം, സര്‍ക്കാര്‍ ഒഴിയണം” എന്നാണ് തങ്ങളുടെ ആവശ്യമെന്ന് പ്രക്ഷോഭകര്‍ അറിയിച്ചു. നേരത്തേ പ്രധാനമന്ത്രി വിക്രമസിംഗെയുടെ സ്വകാര്യവസതിക്കു തീയിട്ട മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കാറുകളടക്കം തകര്‍ത്ത ജനക്കൂട്ടം പ്രധാനമന്ത്രിയുടെ സ്വകാര്യസ്വത്തുവകകള്‍ക്ക് വലിയ നാശംവരുത്തി. സാംസ്‌കാരിക നായകര്‍ക്കൊപ്പം പ്രശസ്ത കായികതാരങ്ങളും പ്രക്ഷോഭത്തിന്റെ ഭാഗമായി. ഞങ്ങളുടെ ഭാവിക്ക് വേണ്ടിയാണിത് എന്ന കുറിപ്പോടെ ക്രിക്കറ്റ് താരം കുമാര്‍ സംഗക്കാരെ ട്വീറ്റ് ചെയ്ത വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് പേരാണ് കണ്ടത്. സൂപ്പര്‍താരം സനത് ജയസൂര്യയും കഴിഞ്ഞ ദിവസം പ്രക്ഷോഭത്തിനൊപ്പം ചേര്‍ന്നിരുന്നു. അതിനിടെ, രാജപക്ഷെയുടെ കൊട്ടാരത്തില്‍നിന്നു ലക്ഷക്കണക്കിനു ശ്രീലങ്കന്‍ രൂപ കണ്ടെടുത്തതായി കൊട്ടാരം െകെയടക്കിയ പ്രക്ഷോഭകര്‍ പറഞ്ഞു. ഇവര്‍ പണം എണ്ണുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കണ്ടെടുത്ത പണം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു െകെമാറുമെന്നും പ്രക്ഷോഭകര്‍ പറഞ്ഞു. ശ്രീലങ്കയിലെ സ്ഥിതി നിരീക്ഷിക്കുകയാണെന്നും രാഷ്ട്രീയ അനിശ്ചിതത്വം അവസാനിച്ചാലുടന്‍ വായ്പ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്നും ഐ.എം.എഫ്. അറിയിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധയെത്തുടര്‍ന്നുള്ള ദുരിതങ്ങളാണു ശ്രീലങ്കയില്‍ സര്‍ക്കാരിനെതിരായ ജനകീയപ്രക്ഷോഭത്തിനു വഴിതെളിച്ചത്. വിദേശനാണ്യശേഖരത്തിലെ രൂക്ഷമായ കമ്മിമൂലം ആവശ്യത്തിന് ഇന്ധനവും ഭക്ഷ്യവസ്തുക്കളും മരുന്നും ഇറക്കുമതി ചെയ്യാന്‍ കഴിയാത്ത സ്ഥിതിയിലാണു ശ്രീലങ്ക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →