ന്യൂഡല്‍ഹി: പ്രളയവും മോശം കാലാവസ്ഥയും കണക്കിലെടുത്ത് അമര്‍നാഥ് യാത്ര റദ്ദാക്കി. ജമ്മുവില്‍ നിന്ന് പുതിയ തീര്‍ത്ഥാടകരെ അമര്‍നാഥിലേക്ക് കടത്തി വിടില്ലെന്ന് അധികൃതര്‍ അറിയിച്ചു. പ്രളയത്തില്‍ കാണാതായ നാല്‍പ്പതോളം തീര്‍ത്ഥാടകര്‍ക്കായി ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ തുടരുകയാണ്. മേഘവിസ്ഫാടനത്തെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ പതിനാറ് പേര്‍ മരിച്ചതിന് പിന്നാലെയാണ് അമര്‍നാഥ് യാത്ര റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചത്. പ്രളയ മാലിന്യം പൂര്‍ണമായി നീക്കിയാല്‍ തീര്‍ത്ഥാടനം പുനരാരംഭിക്കുമെന്ന് നേരത്തെ ദുരന്തനിവാരണ സേന പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. ജൂണ്‍ 29 ന് ആരംഭിച്ച തീര്‍ത്ഥാടന യാത്രയില്‍ ഇതുവരെ 69,535 പേര്‍ പങ്കെടുത്തിട്ടുണ്ട്.ആഗസ്ത് 11 നാണ് തീര്‍ത്ഥാടനം അവസാനിക്കേണ്ടിയിരുന്നത്. അതേസമയം പ്രളയമുണ്ടായി മൂന്ന് ദിവസമായിട്ടും നാല്‍പ്പതോളം പേര്‍ ഇപ്പോഴും കാണാമറയത്താണ്. പകല്‍ ചൂട് കൂടുമ്പോള്‍ പ്രളയാവശിഷ്ടമായി അടിഞ്ഞ ചെളിയും മണ്ണിനും ഉറപ്പ് കൂടുന്നത് തെരച്ചിലിന് പ്രതിന്ധിയാകുകയാണ്. അതിനാല്‍ വാള്‍ റഡാര്‍, ഡ്രോണുകള്‍, ഹെലികോപ്ടര്‍, എന്നിവക്കൊപ്പം ഡോഗ് സ്‌ക്വാഡിനെയും ഉള്‍പ്പെടുത്തായുള്ള തെരച്ചിലാണ് നടക്കുന്നത്