ഗുരുവായൂർ : ഗുരുവായൂർ സ്വർണ്ണക്കവർച്ച കേസിൽ ഒരു പ്രതി കൂടി പിടിയിൽ. കുപ്രസിദ്ധ മോഷ്ടാവ് തിരിച്ചിറപ്പള്ളി ലാൽഗുഡി സ്വദേശി നാഗരാജ് എന്ന അരുൺകുമാറാണ് പിടിയിലായത്. അരുൺ രാജ് എന്നും ഇയാൾക്ക് പേരുണ്ട്. സഹോദരൻ തിരുച്ചിറപ്പള്ളി സ്വദേശി ധർമ്മരാജ്നെ നേരത്തെ പിടികൂടിയിരുന്നു. ഗുരുവായൂർ തമ്പുരാൻ പടിയിലെ വീട്ടിലെ കവർച്ചയ്ക്കുശേഷം രക്ഷപ്പെട്ട ധർമ്മരാജിനെ ചണ്ഡീഗഡിൽ നിന്നാണ് പിടികൂടിയത്. മോഷണം മുതലിന്റെ ഒരു ഭാഗം ഇയാളിൽ നിന്ന് കണ്ടെടുത്തു. സഹോദരൻ പിടിയിലായതോടെ തന്റെ പങ്കുമായി നാഗരാജ് ഒളിവിൽ പോയിരുന്നു. പണവും സ്വർണവും നാഗരാജിന്റെ കയ്യിലാണെന്ന് ധർമ്മരാജിൽ നിന്നും വിവരം ലഭിച്ചതോടെ ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. ഗുരുവായൂർ പോലീസും ഷാഡോ പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. 7 ലക്ഷം രൂപ നാഗരാജിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ബാക്കി പണവും പ്രതി വിറ്റഴിച്ച സ്വർണവും മോഷണം മുതൽ ഉപയോഗിച്ച് വാങ്ങിയ ആഡംബര ബൈക്കുകളും കണ്ടെടുക്കാൻ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു. 2022 ജൂൺമാസം 12നാണ് തമ്പുരാൻ പടി സ്വദേശിയായ ബാലന്റെ വീട്ടിൽ നിന്ന് രണ്ടര കിലോ സ്വർണവും 2 ലക്ഷം രൂപയും കവർന്നത്. രണ്ടാം നിലയിലുള്ള കിടപ്പുമുറിയുടെ വാതിൽ തകർത്തായിരുന്നു മോഷണം. വീട്ടുകാർ വീടുപൂട്ടി സിനിമയ്ക്ക് പോയ സമയത്ത് ആയിരുന്നു കവർച്ച.
ഗുരുവായൂർ സ്വർണ്ണ കവർച്ച കേസ് ഒളിവിൽ പോയ കൂട്ടുപ്രതിയും പിടിയിൽ
