കോട്ടയം: യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി പോലീസ് സ്റ്റേഷനു മുന്നിൽ ഉപേക്ഷിച്ച കേസിലെ പ്രതി ജയിൽ ചാടി. ഷാൻ കൊലക്കേസിലെ നാലാം പ്രതിയായ ബിനു മോനാണ് കോട്ടയം സബ് ജയിലിൽ നിന്നും രക്ഷപ്പെട്ടത്. 09/07/22 ശനിയാഴ്ച പുലർച്ചെ അഞ്ചരയോടെ ജയിൽ അടുക്കളയിൽ നിന്ന് പലക വെച്ചാണ് പ്രതി മതിൽ ചാടി കടന്നത്.
രാവിലെ അടുക്കളയിലെ ജോലിക്കായി ബിനു മോനെ നിയോഗിച്ചിരുന്നു. അടുക്കളയുടെ പിൻഭാഗത്ത് ചാരി വെച്ചിരുന്ന പലകയിൽ ചവിട്ടി ഇയാൾ മതിൽ ചാടുകയായിരുന്നു. പ്രതിയെ കണ്ടുപിടിക്കാനുള്ള ഊർജിത ശ്രമത്തിലാണ് പോലീസ്. കോട്ടയത്ത് വിമലഗിരി സ്വദേശി ഷാൻ ബാബുവിനെ കൊലപ്പെടുത്തി കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ കൊണ്ടിട്ട കേസിലാണ് മീനടം സ്വദേശിയായ ബിനുമോൻ റിമാൻഡിൽ ആയത്.
മറ്റു കേസുകളിൽ ഒന്നും ഉൾപ്പെട്ടിട്ടില്ലാത്തതിനാലും ജയിലിൽ ശാന്ത സ്വഭാവക്കാരൻ ആയതിനാലും ജയിലിലെ അടുക്കളയിലാണ് ജോലി നൽകിയിരുന്നത്. 09/07/22 ശനിയാഴ്ച പുലർച്ചെ അടുക്കളയിൽ ജോലിക്ക് എത്തിയ ബിനുമോൻ, അടുക്കളയുടെ പുറകുവശത്തെ മതിലിൽചാരി വച്ചിരിക്കുന്ന പലക ഉപയോഗിച്ച് മതിൽ ചാടി എന്നാണ് കരുതുന്നത്. പുലർച്ചെ അഞ്ചരയോടെ നടന്ന സംഭവം ശ്രദ്ധയിൽപ്പെട്ട ജയിൽ അധികൃതർ 5:45 ഓടെ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.
ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതി നഗരം വിട്ടു പോയിട്ടുണ്ടാകില്ലെന്നാണ് പോലീസിന്റെ നിഗമനം. നഗരത്തിലും പരിസരപ്രദേശങ്ങളിലും പോലീസ് വ്യാപകമായ തിരച്ചിൽ നടത്തുന്നുണ്ട്. അതിനിടെ കഴിഞ്ഞദിവസം ബിനുമോനെ സന്ദർശിക്കാനായി ഭാര്യ ജയിലിൽ എത്തിയിരുന്നു. എത്രയും പെട്ടെന്ന് തനിക്ക് ജയിലിൽ നിന്ന് പുറത്തിറങ്ങണമെന്ന് ഇയാൾ ഭാര്യയോട് പറഞ്ഞിരുന്നതായാണ് വിവരം.

