കാശ്‌മീര്‍ : ജമ്മു-കാശമീരിലെ അമര്‍നാഥ് ഗുഹാ ക്ഷേത്രത്തിന് സമീപമുണ്ടായ മേഘ വിസ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ഉയരുമോ എന്ന കാര്യത്തില്‍ ആശങ്ക. . ജൂലൈ 8 ന് തന്നെ 15 മരണം റിപ്പോര്‍ട്ടുചെയ്‌തിരുന്നു. കാണാതായ നാല്‍പ്പതോളം പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ക്ഷേത്രത്തില്‍ തീര്‍ത്ഥാടനം നടക്കുമ്പോഴായിരുന്നു മേഘവിസ്‌പോടനവും പിന്നാലെ പ്രളയവും ഉണ്ടായത്. വിസ്‌ഫോടനത്തില്‍ മൂന്ന് ഭക്ഷണശാലകളും 25 ടെന്റുകളും പ്രളയത്തില്‍ തകര്‍ന്നതാണ് ദുരന്തത്തിന്റെ വ്യാപ്‌തി കൂട്ടിയത്. കുടുങ്ങി കിടക്കുന്നവര്‍ക്കായി സൈന്യത്തിന്റെയും അര്‍ദ്ധ സൈന്യ വിഭാഗങ്ങളുടെയും ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. സൈന്യത്തിന്റെ ഹെലികോപ്‌ടറും രക്ഷാ ദൗത്യത്തിനായി നിയോഗിച്ചിട്ടുണ്ട്.
അപകടത്തെക്കുറിച്ച് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ലെഫ്‌റ്റനന്റ് ഗവര്‍ണറില്‍ നിന്ന് വിവരങ്ങള്‍ തേടി. സാധ്യമായ എല്ലാ സജ്ജീകരണങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് ഒരുതക്കിയിട്ടുണ്ടെന്ന് പ്രധാന മന്ത്രി അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിച്ച പ്രധാന മന്ത്രി എല്ലാ സഹായവും വാഗ്‌ദാനം ചെയ്‌തു. രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണെന്നും ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും നരേന്ദ്രമോദി ട്വിറ്ററിലൂടെ അറിയിച്ചു.

