കോഴിക്കോട്: കനത്ത മഴയില്‍ നാശം വിതച്ച് കോഴിക്കോട് ജില്ല. 16 വില്ലേജുകളിലാണ് ഇതുവരെ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയതിട്ടുളളത്. കൊയിലാണ്ടി താലൂക്കില്‍ 13 വീടുകളും വടകര താലൂക്കില്‍ അഞ്ചുവീടുകളും കോഴിക്കോട് താലൂക്കില്‍ ഒരു വീടും താമരശേരിയില്‍ ഒരു വീടും ഉള്‍പ്പെടെ 20 വീടുകള്‍ക്ക് നാശം സംഭവിച്ചു. എന്നാല്‍ ആളപായമില്ലെന്ന് ദുരന്തനിവാരണ സെല്‍ റിപ്പോര്‍ട്ടുചെയ്യുന്നു.
നല്ലളം വെളളത്തുംപാടത്ത് മുഹമ്മദ് യൂസഫിന്റെ മകന്‍ ഫൈസലിന്റെ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നുവീണു. കൊയിലാണ്ടി താലൂക്കിലെ ചെറുവണ്ണൂരില്‍ കനത്ത മഴയിലും കാറ്റിലും മരം കടപുഴകി വീണ് എടക്കയില്‍ പീഡികയുളള പറമ്പില്‍ രാജന്റെ വീട് ഭാഗീകമായി തകരുകയും പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് കേടുപാടുകള്‍ സംഭവിക്കകുയും ചെയ്‌തു. അപകടത്തില്‍ വീടിന്റെ സണ്‍ഷെയ്‌ഡും ഒരുഭാഗത്തെ പില്ലറുകളും തകര്‍ന്നു. കീഴരിയൂര്‍ വില്ലേജിലെ കോണില്‍ മീത്തല്‍ കൃഷ്‌ണന്റെ വീട് ഭാഗീകമായി തകര്‍ന്നു. കോട്ടൂര്‍ വില്ലേജിലെ മുരളീധരന്റെ വീടിന് സമീപത്തെ കരിങ്കല്‍ ഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയിലായി. നരിപ്പറ്റ വില്ലേജിലെ മാതു, കോളിയാട്ടുപൊയില്‍ ബിനീഷ് എന്നിവരുടെ വീടുകള്‍ക്കും നാശനഷ്ടം സംഭവിച്ചു.
മലയോരമേഖലയിലും മഴ കനത്ത നാശം വിതച്ചു. വ്യാപകമായ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ മൂന്നുദിവസമായി കിഴക്കന്‍ മലയോരത്ത് മഴതുടരുകയാണ് കൂത്താളി തണ്ടോറപ്പാറ കാറ്റില്‍ ഫലവൃക്ഷങ്ങള്‍ നശിച്ചു. കുറ്റിയാടി ജനവൈദ്യുതി പദ്ധതിയുടെ ഭാഗമായ കക്കയം ജലസംഭരണിയില്‍ ജലനിരപ്പ് ഉയര്‍ന്ന് 756.50 മീറ്ററില്‍ എത്തിയ സാഹചര്യത്തില്‍ ഓറഞ്ച് അലര്‍ട്ടു പ്രഖ്യാപിച്ചു. ഡാമിലെ അധികജലം ഒഴുക്കി വിടുന്ന നടപടികളുടെ ഭാഗമായുളള രണ്ടാം ഘട്ട മുന്നറിയിപ്പാണിത് മഴകൂടി ജലനിരപ്പ് വീണ്ടും ഉയര്‍ന്നാല്‍ ഷട്ടറുകള്‍ തുറക്കേണ്ടി വരുമെന്നും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

