കൊച്ചി: എറണാകുളം പനമ്പള്ളി നഗറിൽ ‘ഉപ്പും മുളകും’ തട്ടുകടയ്ക്ക് മുന്നിൽ കടന്നുപോയത് ഭീതിയുടെ ഒന്നര മണിക്കൂർ. അനധികൃത തട്ടുകട നീക്കാനെത്തിയ കോർപ്പറേഷൻ, ആരോഗ്യ, പൊലീസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ ശരീരമാകെ പെട്രോൾ ഒഴിച്ച് കടയുടെ നടത്തിപ്പുകാരായ രണ്ടു യുവാക്കൾ ആത്മഹത്യാ ഭീഷണി മുഴക്കിയതാണ് ആശങ്ക സൃഷ്ടിച്ചത് .ഇവരുടെ കയ്യിൽ പെട്രോൾ നിറച്ച കന്നാസുകളുമുണ്ടായിരുന്നു. ഒരു ചെറിയ തീപ്പൊരി വൻ അപകടം സൃഷ്ടിക്കുമെന്നിരിക്കെ തടിച്ചുകൂടിയ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ഓടിയെത്തിയ ഇരുപതിലേറെ വരുന്ന പൊലീസുകാരും പാടുപെട്ടു.
2022 ജൂലൈ 7 വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവങ്ങൾക്ക് തുടക്കം. ഇവിടെ തട്ടുകട നടത്തുന്നതിന് കോർപ്പറേഷൻ ലൈസൻസ് നൽകിയിട്ടുള്ള ആൾ സ്ഥലത്തില്ലെന്നും കട കോർപ്പറേഷൻ വാഹനത്തിൽ എടുത്തു കൊണ്ടുപോകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഇതോടെ നിരത്തിവച്ചിരിക്കുന്ന ഭക്ഷണ സാധനങ്ങളെയും കഴിക്കാനെത്തിയ ആളുകളെയും സാക്ഷി നിർത്തി ‘കട എടുക്കാൻ ശ്രമിച്ചാൽ കത്തിക്കും’ എന്ന് യുവാക്കൾ ഭീഷണി മുഴക്കുകയായിരുന്നു. ലൈസൻസിയുടെ ബന്ധുക്കളെന്ന് അവകാശപ്പെടുന്ന മലപ്പുറം നിലമ്പൂർ കരുവാരകുണ്ട് സ്വദേശി ഹബീബ് റഹ്മാനും കാളികാവ് സ്വദേശി സിൻസാറുമാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.
ഇതിനിടെ, സ്ഥലത്തുണ്ടായിരുന്ന ചിലരുടെ സഹായത്തിൽ യുവാക്കളുടെ കയ്യിൽനിന്നു പെട്രോൾ കന്നാസ്പിടിച്ചു വാങ്ങി മാറ്റിവച്ചതോടെ സംഘർഷ സാഹചര്യം പകുതി ഒഴിയുകയായിരുന്നു. സംഭവം മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നതിനാൽ എറണാകുളം സിറ്റി ഡപ്യൂട്ടി കമ്മിഷണർ വി.യു. കുര്യാക്കോസ് സ്ഥലത്തെത്തി. തൽക്കാലം കട തുടരാൻ അനുവദിക്കുകയും പെട്രോൾ ഒഴിച്ചവർ കടയിൽ ഭക്ഷണം വിളമ്പാൻ നിൽക്കരുതെന്നും നിർദേശിച്ചതോടെ പ്രശ്നങ്ങൾക്ക് അയവായി.

