മുംബൈ: നൂപുര്‍ ശര്‍മ അനുകൂല പ്രതികരണത്തിന്റെ പേരില്‍ അമരാവതി നഗരത്തിലെ മെഡിക്കല്‍ ഷോപ്പ് ഉടമയായ ഉമേഷ് പ്രഹല്‍ദ് റാവു കോല്‍ഹെ(54)യെ കൊലപ്പെടുത്തിയവര്‍ക്കു പ്രതിഫലമായി ലഭിച്ചത് 10,000 രൂപയും ബൈക്കും. ഇര്‍ഫാന്‍ ഷെയ്ഖാണു കൊലപാതകം ആസൂത്രണം ചെയ്തതെന്നു പോലീസ് കമ്മിഷണര്‍ ആരതി സിങ് അറിയിച്ചു. കേസില്‍ വിദേശ ബന്ധം സംബന്ധിച്ച സൂചന ലഭിച്ചിട്ടുണ്ട്.
കേസില്‍ മുഖ്യആസൂത്രകന്‍ ഇര്‍ഫാന്‍ ഷെയ്ഖ് അറസ്റ്റിലായിട്ടുണ്ട്. അയാളാണ് അഞ്ചു കൊലയാളികള്‍ക്കുമായി 10,000 രൂപയും ബൈക്കും നല്‍കിയത്. കേസ് ദിവസങ്ങള്‍ക്കുള്ളില്‍ എന്‍.ഐ.എയ്ക്കു കൈമാറുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.ജൂണ്‍ 21 നു രാത്രി സ്ഥാപനം അടച്ച് വീട്ടിലേക്ക് ഇരുചക്രവാഹനത്തില്‍ മടങ്ങിയ ഫാര്‍മസിസ്റ്റ് കൂടിയായ കോല്‍ഹെയെ തടഞ്ഞു നിര്‍ത്തി കഴുത്തില്‍ കുത്തിവീഴ്ത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയുടെയും മകന്റെയും കണ്‍മുന്നില്‍വച്ചായിരുന്നു കൊലപാതകം. ബെക്കിലെത്തിയ മൂന്നംഗ അക്രമിസംഘം സംഭവശേഷം രക്ഷപ്പെട്ടു.

