എറണാകുളം: മരടിൽ സ്കൂൾ ബസ്സിനു മുകളിൽ വൈദ്യുത പോസ്റ്റ് വീണു. എസ്.ഡി.കെ.വൈ ഗുരുകുല വിദ്യാലയത്തിന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. പോസ്റ്റിലെ കേബിളിൽ ബസ് കുരുങ്ങിയതാണ് അപകടകാരണം.
04/07/22 തിങ്കളാഴ്ച രാവിലെ 7.45 ഓടെ ആയിരുന്നു സംഭവം. വൈദ്യുത പോസ്റ്റിൽ അനധികൃതമായി കിടന്ന കേബിളിൽ ഉടക്കിയാണ് അപകടം നടന്നത്. കേബിളിൽ കുടുങ്ങിയതോടെ പോസ്റ്റ് ബസ്സിനു മുകളിലേക്ക് വീഴുകയായിരുന്നു. 8 കുട്ടികൾ മാത്രമാണ് ബസ്സിൽ ഉണ്ടായിരുന്നത്. സംഭവം നടക്കുമ്പോൾ വൈദ്യുതിയില്ലാത്തതിനാൽ വലിയ അപകടമാണ് ഒഴിവായത്. പ്രശ്നം നേരത്തെ തന്നെ നഗരസഭ അധികൃതരെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ ആരോപിച്ചു. പോസ്റ്റിന് സ്റ്റേ കമ്പികൾ ഇല്ലാത്തതും അപകടകാരണമായി നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ കേബിളുകൾ മുറിച്ചു മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ് എന്നാണ് നഗരസഭയുടെ വിശദീകരണം.

