കോട്ടയം: തിരുവല്ലയിൽ ട്രെയിനിൽ നിന്ന് വീണ് അധ്യാപിക മരിച്ച സംഭവത്തിൽ ദുരൂഹത. കോട്ടയം മേലുകാവ് സ്വദേശി ജീൻസി ജയിംസിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഭർത്താവ് റെയിൽവേ പോലീസിന് പരാതി നൽകി. ട്രെയിനിനുള്ളിൽ ആരുടെയോ ആക്രമണം ഭയന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ജീൻസി താഴെ വീഴുകയായിരുന്നു എന്നാണ് കുടുംബത്തിന്റെ സംശയം.
27/06/22 തിങ്കളാഴ്ച വൈകിട്ട് ഏഴുമണിക്കാണ് ജിൻസി ജയിംസ് എന്ന 37കാരിയുടെ ജീവനെടുത്ത അപകടം തിരുവല്ല റെയിൽവേ സ്റ്റേഷന് സമീപം ഉണ്ടായത്. വർക്കലയിലെ സ്കൂളിൽ അധ്യാപികയായ ജിൻസി കോട്ടയത്തേക്കുള്ള പാസഞ്ചർ ട്രെയിനിൽ വനിതാ കമ്പാർട്ട്മെന്റിലാണ് യാത്ര ചെയ്തിരുന്നത്. തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ നീങ്ങി പ്ലാറ്റ് ഫോം തീരാറായ സ്ഥലത്ത് എത്തിയപ്പോൾ ട്രെയിനിൽ നിന്ന് ജിൻസി വീഴുന്നതാണ് മറ്റുള്ളവർ കണ്ടത് .
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജിൻസി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ട്രെയിനിൽ നിന്ന് ഇറങ്ങാനുള്ള ശ്രമത്തിനിടെ ജിൻസി വീണതാകാം എന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ കോട്ടയത്തേക്ക് യാത്ര ചെയ്യുന്ന ജിന്‍സി തിരുവല്ലയിൽ ഇറങ്ങാനുള്ള സാഹചര്യമില്ലെന്ന് ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു. തിരുവല്ലയിൽ നിന്ന് ട്രെയിൻ നീങ്ങി തുടങ്ങിയ ശേഷം മുഷിഞ്ഞ വസ്ത്രം ധരിച്ച അജ്ഞാതനായ ഒരാൾ ജിൻസി യാത്ര ചെയ്ത കമ്പാർട്ട്മെന്റിൽ കയറിയിരുന്നെന്ന് ചില യാത്രക്കാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇങ്ങനെ ഒരാൾ കയറിയെങ്കിൽ ഇയാളുടെ ആക്രമണം ഭയന്ന് ജിൻസി പുറത്തേക്ക് ചാടിയത് ആകുമോ എന്ന ചോദ്യമാണ് ബന്ധുക്കൾ ഉന്നയിക്കുന്നത്.
സംഭവ സമയത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചെങ്കിലും ഇത് വ്യക്തമല്ല. ജിൻസി യാത്ര ചെയ്തിരുന്ന ബോഗിയിൽ മറ്റാരും ഉണ്ടായിരുന്നില്ല എന്നാണ് റയിൽവേ പോലീസിന്റെ അനുമാനം. അതുകൊണ്ടുതന്നെ അക്രമം ഭയന്ന് പുറത്ത് ചാടിയതാകാം എന്ന വാദത്തിൽ കഴമ്പില്ലെന്ന നിഗമനത്തിലാണ് പോലീസ്. പക്ഷെ തിരുവല്ലയിൽ ജിൻസി ഇറങ്ങാൻ ശ്രമിച്ചതിന്റെ കാരണം കൃത്യമായി പറയാനും പോലീസിന് കഴിയുന്നില്ല. ഭർത്താവിന്റെ പരാതിയുടെ പശ്ചാത്തലത്തിൽ വിശദമായ അന്വേഷണം തന്നെ വിഷയത്തിൽ നടത്തുമെന്ന് കേസ് അന്വേഷിക്കുന്ന കോട്ടയം ആർപിഎഫ് യൂണിറ്റ് വ്യക്തമാക്കി. മറ്റു ബോഗികളിലെ മുഴുവൻ യാത്രക്കാരെയും കണ്ടെത്തി മൊഴിയെടുക്കുന്നത് അടക്കമുള്ള നടപടികളിലേക്കാണ് ആർപിഎഫ് കടക്കുന്നത്.

