ഇറാനിൽ ശക്തമായ ഭൂചലനം; ഭൂചലനത്തിന്റെ ശക്തമായ പ്രകമ്പനം യുഎഇയിലും

ഇറാൻ : ഇറാനിൽ 02/07/22 ശനിയാഴ്ച പുലർച്ചെയുണ്ടായ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം യുഎഇയിൽ വരെ അനുഭവപ്പെട്ടു. ഭൂകമ്പത്തിൽ അഞ്ചുപേർ മരിച്ചതായും, 44 പേർക്ക് പരിക്കേറ്റതായും രാജ്യത്തെ അർദ്ധ ഔദ്യോഗിക വാർത്ത ഏജൻസിയായ FARS റിപ്പോർട്ട് ചെയ്തു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ തെക്കൻ ഇറാനിൽ ശനിയാഴ്ച പുലർച്ചയ്ക്ക് ശേഷം അഞ്ചുതവണയോളമാണ് ഭൂചലനമുണ്ടായത്. 4.3 മുതൽ 6.3 വരെയായിരുന്നു ഇവയുടെ തീവ്രത രേഖപ്പെടുത്തിയത്. ഇവയിൽ പുലർച്ചെ 1.32 നും, 3.24 നും അനുഭവപ്പെട്ട രണ്ട് ഭൂചലനങ്ങൾ 6.3 തീവ്രതയുള്ളതായിരുന്നു എന്ന് യുഎഇയുടെ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

യുണൈറ്റഡ് സ്റ്റേറ്റ് ജിയോളജിക്കൽ സർവ്വേ വെബ്സൈറ്റ് അനുസരിച്ച് 6.1 തീവ്രത രേഖപ്പെടുത്തിയപ്പോൾ ഭൂകമ്പക കേന്ദ്രമായ തെക്കൻ തുറമുഖ നഗരമായ ബന്ദർ – ഇ ലെംഗെയ്ക്ക് സമീപം നാല് വ്യത്യസ്ത ഭൂകമ്പങ്ങൾ രേഖപ്പെടുത്തി. അതേസമയം യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ 6.2 തീവ്രതയുള്ള ഭൂചലനവും പ്രദേശത്ത് രേഖപ്പെടുത്തി. ഇറാനിലെ ഹോർമോസ് ഗാൻ പ്രവിശ്യയിലെ 12 ഗ്രാമങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട് ഉണ്ട് . നിരവധി വീടുകൾ തകർന്ന സായെഘോഷ് ഗ്രാമത്തിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങൾ സംഭവിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഭൂചലനത്തെ തുടർന്ന് 5 ഗ്രാമങ്ങളിൽ വൈദ്യുതി നഷ്ടപ്പെട്ടതായും അധികൃതർ അറിയിച്ചു. നിലവിൽ 75 രക്ഷാപ്രവർത്തന സേനകളും, എമർജൻസി ടീമുകളും ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ പന്ത്രണ്ടോളം രക്ഷാവാഹനങ്ങളുടെ സഹായത്തോടെ പ്രവർത്തിക്കുന്നുണ്ടെന്ന് ഇറാന്റെ റെഡ് ക്രസന്റ് സൊസൈറ്റി ട്വിറ്ററിൽ കുറിച്ചു. യുണൈറ്റഡ് അറബ് എമിറേറ്റുകളിൽ ഭൂമി കുലുക്കം അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →