ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആദ്യമായി ഗര്‍ഭാശയ ക്യാൻസർ ബാധിച്ച രോഗിക്ക് 3 ഡി ലാപ്രോസ്‌കോപ്പിക്ക് വഴി ഗര്‍ഭാശയം മുഴുവനായി നീക്കം ചെയ്യുന്ന ശസ്‌ത്രക്രിയവിജയകരമായി നടത്തി. ഗര്‍ഭാശയ ക്യാന്‍സര്‍ ബാധിച്ച ശാസ്‌താംകോട്ട സ്വദേശിനിയായ 52 കാരിക്കാണ് അത്യാധുനീക 3 ഡിലാപ്രോസ്‌കോപ്പിക്ക് ശസ്‌ത്രക്രിയ നടത്തിയത്. ഗൈനക്കോളജി വിഭാഗം മേധാവിയായ ഡോ.ജയശ്രീവാമന്റെ നേതൃത്വത്തിലുളള സംഘമാണ് 2 മണിക്കൂര്‍ നീണ്ട ശസ്‌ത്രക്രിയ നടത്തിയത്.
ശസ്‌ത്രക്രിയ നടത്തിയ ടീം അംഗങ്ങളെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. 3 ഡി ലാപ്രോസ്‌കോപ്പിക്ക് ശസ്‌ത്ര ക്രിയയില്‍ വളരെ ചെറിയ മുറിവായതിനാല്‍ ആശുപത്രിവാസം കുറയുന്നതിലുപരി രോഗിക്ക് വേദനയും കുറവായിരിക്കും. ആന്തരീക അവയവങ്ങളെ വ്യക്തമായി കണ്ട് മനസിലാക്കി ആവശ്യത്തിന് ബയോപ്‌സി എടുക്കാനും വ്യാപ്‌തി തിരിച്ചറിയാനും ഇതിലൂടെ സാധിക്കും.

