ആന്ത്രാക്സ് ബാധയിൽ ആശങ്ക വേണ്ട; കളക്ടർ ഹരിത വി കുമാർ

തൃശ്ശൂർ: അതിരപ്പിള്ളി മേഖലയിൽ കാട്ടുപന്നികൾ ആന്ത്രാക്സ് ബാധിച്ച് ചത്ത സാഹചര്യത്തിൽ ആരോഗ്യ മൃഗസംരക്ഷണ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പ്രദേശത്തെ കന്നുകാലികൾക്കുള്ള വാക്സിനേഷനാണ് തുടങ്ങിയത്. വളർത്തുമൃഗങ്ങളിലേക്ക് ആന്ത്രാക്സ് പടർന്നിട്ടില്ലെന്നും, ആശങ്ക വേണ്ടെന്നും തൃശ്ശൂർ ജില്ലാ കളക്ടർ ഹരിത വി.കുമാർ അറിയിച്ചു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അതിരപ്പിള്ളി പഞ്ചായത്തിലെ മലയോര മേഖലയിൽ ഏഴു കാട്ടുപന്നികളാണ് ആന്ത്രാക്സ് ബാധിച്ച് ചത്തത്. മണ്ണുത്തി വെറ്റിനറി സർവകലാശാലയിൽ നടത്തിയ പരിശോധന ഫലം പുറത്തുവന്നതിന് പിന്നാലെ പ്രദേശത്ത് പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. എണ്ണപ്പന തോട്ടങ്ങളോട് ചേർന്ന പ്രദേശത്തെ കന്നുകാലികൾ ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങൾക്ക് വളരെ വേഗത്തിൽ വാക്സിൻ നൽകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. വളർത്തുമൃഗങ്ങൾക്ക് ആന്ത്രാക്സ് രോഗബാധ കണ്ടെത്തിയിട്ടില്ലെന്നും, ആശങ്ക വേണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ചത്ത പന്നികളെ കുഴിച്ചിട്ടവർക്കും പ്രതിരോധ മരുന്ന് നൽകും. രണ്ടുകൊല്ലം മുമ്പും ഇതേ പ്രദേശത്ത് ആന്ത്രാക്സ് സ്ഥിരീകരിച്ചിരുന്നു. രോഗബാധ ആവർത്തിക്കുന്നതിനെക്കുറിച്ചും പരിശോധിക്കും. രോഗലക്ഷണങ്ങളോടെ മൃഗങ്ങളെ കണ്ടെത്തിയാൽ ആരോഗ്യ, മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും, പ്രദേശവാസികളുടെ ആശങ്ക അകറ്റുന്നതിനും ജില്ലാ വെറ്റിനറി കേന്ദ്രത്തിൽ കൺട്രോൾ റൂമും തുറന്നിട്ടുണ്ട്.
കൺട്രോൾ റൂം നമ്പർ: 0487 2424 223

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →