തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ ഹെല്‍പ് ഡെസ്‌ക്കുകള്‍ പ്രവര്‍ത്തിക്കും

സംരംഭകര്‍ക്ക് കൈത്താങ്ങ്:  
തദ്ദേശ സ്ഥാപനങ്ങളില്‍ 
ഹെല്‍പ് ഡെസ്‌ക്കുകള്‍ വരുന്നു

സംരംഭക വര്‍ഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിച്ച് 3 മുതല്‍ 4 ലക്ഷം വരെയുള്ള ആളുകള്‍ക്ക് തൊഴില്‍ കൊടുക്കുവാനുള്ള  പദ്ധതിയുമായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വ്യവസായ വകുപ്പ് മുന്നേറുകയാണ്. സംരംഭകര്‍ക്കാവശ്യമായ  ലൈസന്‍സ്, ലോണ്‍ മുതലായവയ്ക്കുള്ള അപേക്ഷകള്‍  തയ്യാറാക്കുന്നതിനും സംരംഭങ്ങള്‍ തുടങ്ങാന്‍ ജനങ്ങള്‍ക്ക് പ്രേരണ നല്‍കുവാനും എല്ലാ സേവനങ്ങള്‍ ഉറപ്പാക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപന തലങ്ങളില്‍ സംരംഭകര്‍ക്ക് കൈത്താങ്ങ് സഹായം ഉറപ്പാക്കാന്‍ ഹെല്‍പ് ഡെസ്‌ക്കുകള്‍ വരുന്നു. ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിളും ഹെല്‍പ് ഡെസ്‌ക്കുകള്‍ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഈ ആഴ്ച്ചതന്നെ പ്രവര്‍ത്തനമാരംഭിക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനതലങ്ങളില്‍ വ്യവസായ വകുപ്പ് നിയമിച്ച ഇന്റേണുകള്‍ സംരംഭകര്‍ക്ക് സേവന സഹായങ്ങളും ഉറപ്പുവരുത്താന്‍ ഹെല്‍പ്പ് ഡെസ്‌ക്കുകളിലുണ്ടാകും. സംരംഭകര്‍ക്ക് കൈത്താങ്ങാകുന്നതിനായി ആരംഭിക്കുന്ന ഹെല്‍പ് ഡെസ്‌കുകള്‍ എല്ലാ തിങ്കളള്‍, ബുധന്‍ ദിവസങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കും.

ലൈസന്‍സിന് അപേക്ഷിച്ചവരുടെ വിവരം ശേഖരച്ച് ഇവര്‍ക്ക് ആവശ്യമായ സഹായങ്ങളും സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള കൈത്താങ്ങും ഉറപ്പാക്കും. സംരംഭം തുടങ്ങുന്നതിന് ആവശ്യമായ ലൈസന്‍സ്, അനുമതി എന്നിവ നേടുന്നതിനുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ക്ക് വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങളും ഹെല്‍പ് ഡെസ്‌ക്കില്‍ നിന്ന് ലഭിക്കും. സംരംഭകര്‍ വായ്പയ്ക്കായി ബാങ്കില്‍ നല്‍കിയിട്ടുള്ള അപേക്ഷകളുടെ തുടര്‍ നടപടികള്‍ വിലയിരുത്തി വായ്പ സമയബന്ധിതമായി ലഭിക്കുന്നതിനുള്ള നടപടികള്‍ ഇന്റേണ്‍സ് സ്വീകരിക്കും.

വിവിധ വകുപ്പുകളുടെ സഹായ സ്രോതസുകളും സബ്‌സിഡി ഗ്രാന്‍ഡ് പദ്ധതികളും സംരംഭകര്‍ക്ക് പരിചയപ്പെടുത്തുകയും സഹായങ്ങള്‍ ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് സംരംഭകര്‍ക്ക് സഹായം ലഭിക്കും.

2022-23 സാമ്പത്തിക വര്‍ഷം സംസ്ഥാന വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ സംരംഭക വര്‍ഷമായി ആചരിക്കുകയാണ്. ചുരുങ്ങിയത് ഒരു ലക്ഷം സൂക്ഷ്മ ചെറുകിട സംരംഭക യൂണിറ്റുകളെങ്കിലും ഈ കാലയളവിനുള്ളില്‍ കേരളത്തില്‍ ആരംഭിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയുടെ വിജയത്തിന് തദ്ദേശ സ്ഥാപനങ്ങളില്‍ ആരംഭിക്കുന്ന ഹെല്‍പ് ഡെസ്‌കുകളുടെ പ്രവര്‍ത്തനം ഏറെ ഗുണം ചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →