കോഴിക്കോട് : പ്രണയാഭ്യര്‍ത്ഥന നിരസിച്ച വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിന് പത്തുവര്‍ഷം കഠിന തടവ്. കോഴിക്കോട് കുരുവിശേരി ചിറ്റിലിപ്പാട്ട്‌പറമ്പ് കൃഷ്‌ണ കൃപയില്‍ മുകേഷ് (35)നെയാണ് കോഴിക്കോട് ഒന്നാം അഡീഷണല്‍ ഡിസ്‌ട്രിക്ട് ആന്റ് സെഷന്‍സ് കോടതി ജഡ്‌ജി കെ.അനില്‍കുമാര്‍ പത്തുവര്‍ഷത്തെ കഠിന തടവിനും 50,000രൂപ പിഴയും ശിഷിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയം 307,324,341 വകുപ്പുകള്‍ പ്രകാരം ഓരോ വകുപ്പുകളിലും പ്രത്യേകം ശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷാകാലാവധി ഒന്നിച്ചനുഭവിച്ചാല്‍ മതി. പിഴസംഖ്യ പരാതിക്കാരിക്ക് നല്‍കണം.
2018 മെയ് 10 നാണ് കേസിനാസ്‌പദമായ സംഭവം. ഉച്ചക്ക 1.40 മണിക്ക് യുവതി കുരുവിശേരിയിലെ തന്റെ വീട്ടില്‍ നിന്നും നടക്കാവിലുളള ട്യൂഷന്‍ സെന്ററിലേക്ക് സ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്പോള്‍ യുവതിയുടെ വീടിന്റെ സമീപത്തുളള റോഡില്‍ വച്ച് പ്രതി യുവതിയെ തടഞ്ഞുനിര്‍ത്തി കുപ്പികൊണ്ട് തലക്കടിക്കുകയും പൊട്ടിയ കുപ്പി കൊണ്ട് കുത്തി പരിക്കേല്‍പിക്കുകയും ചെയ്‌തു. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതി ജൂലായ് 7ന് കോടതിയില്‍ കീഴടങ്ങുകയായിരുന്നു.
പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 10 സാക്ഷികളെ വിസ്‌തരിച്ചു. 11 രേഖകളും 5 തൊണ്ടി മുതലുകളും ഹാജരാക്കി .ചേവായൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.കെ.ബിജുവാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ജോജു സിറിയക്ക് ,അഡ്വ.സന്തോഷ് കെ മേനോന്‍ അഡ്വ.മുഹസീന എന്നിവര്‍ ഹാജരായി

