വെള്ളൂരിന്റെ നഷ്ടപ്രതാപം സര്‍ക്കാര്‍ വീണ്ടെടുക്കും: മന്ത്രി ആന്റണി രാജു

25 വര്‍ഷത്തെ സ്വപ്നം സഫലം: വെള്ളൂര്‍ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് നാടിന് സമര്‍പ്പിച്ചു

കോട്ടയം: വെള്ളൂരിന്റെ നഷ്ടപ്രതാപം സര്‍ക്കാര്‍ വീണ്ടെടുക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ന്യൂസ് പ്രിന്റ് ലിമിറ്റഡ് വീണ്ടെടുത്തതുപോലെ വെള്ളൂരിലെ മുഴുവന്‍ വികസനപ്രവര്‍ത്തനങ്ങളും വേഗത്തിലാക്കി നഷ്ടപ്രതാപം വീണ്ടെടുക്കുമെന്ന് മന്ത്രി പറഞ്ഞു.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമവണ്ടി എന്ന ആശയം നടപ്പാക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് എല്ലാ റൂട്ടിലും കെ.എസ്.ആര്‍.ടി.സി. സര്‍വീസ് നടത്തും. ഇന്ധനചെലവിന്റെ പങ്ക് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ വഹിക്കണം. ഇത്തരത്തില്‍ ഓടുന്ന കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ പ്രാദേശിക പരസ്യങ്ങള്‍ നല്‍കുന്നതിന് സൗകര്യം ഒരുക്കും. ഇതിന്റെ പരസ്യത്തുക തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന വിധത്തില്‍ സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

നിര്‍മാണം പൂര്‍ത്തിയായി 25 വര്‍ഷം പിന്നിട്ട വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്‍ഡിന് ആവശ്യമായ വീതിയില്‍ വഴിയില്ലാതിരുന്നതിനാലും സ്ഥലം ഏറ്റെടുപ്പിലെ സാങ്കേതിക തകരാറും മൂലം പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയാതെ പോവുകയായിരുന്നു. ബസ് സ്റ്റാന്‍ഡിന് സ്ഥലം വിട്ടുനല്‍കിയ അഡ്വ. അനില്‍ കുമാറിനെയും ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി ‘മനസോടിത്തിരി മണ്ണ്’ പദ്ധതിക്കായി ഭൂമി വിട്ടു നല്‍കിയ അങ്കണവാടി അധ്യാപിക എല്‍സമ്മയേയും മന്ത്രി ആദരിച്ചു. വെള്ളൂര്‍ കുഞ്ഞിരാമന്‍ മെമ്മോറിയല്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ സി.കെ. ആശ എം.എല്‍.എ. അധ്യക്ഷത വഹിച്ചു.

ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ബസ് സ്റ്റാന്‍ഡ് നാടിന് സമര്‍പ്പിച്ചത്. ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനം ചെയ്തതോടെ വെള്ളൂര്‍ നിവാസികളുടെ കാല്‍നൂറ്റാണ്ടിലെ സ്വപ്‌നമാണ് യാഥാര്‍ഥ്യമായത്. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനില്‍, വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൂക്ക് മാത്യു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ അനില്‍, സ്ഥിരംസമിതി അധ്യക്ഷരായ പി.കെ. സന്ധ്യ, ഷിനി സജു, വി.കെ. മഹിളാമണി, ഒ.കെ. ശ്യാം കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അമല്‍ ഭാസ്‌കര്‍, തങ്കമ്മ വര്‍ഗീസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.എന്‍. സോണിക, ശാലിനി മോഹനന്‍, കുര്യാക്കോസ് തോട്ടത്തില്‍, ആര്‍. നിഖിതകുമാര്‍, രാധാമണി മോഹനന്‍, ലിസി സണ്ണി, കെ.എസ് സച്ചിന്‍, ജെ. നിയാസ്, സുമ തോമസ്, പി.പി. ബേബി, മിനി ശിവന്‍, വെള്ളൂര്‍ പഞ്ചായത്ത് സെക്രട്ടറി എസ്. ദേവി പാര്‍വതി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ. ശെല്‍വരാജ്, ജോണ്‍ വി. ജോസഫ്, ജോയ് ചെറുപുഷ്പം, ടി.വി. ബേബി, പോള്‍സണ്‍ ജോസഫ്, പി.സി. ബിനീഷ് കുമാര്‍, പി.എ. ഷാജി, ചാക്കോ പുളിയിലക്കലായില്‍ എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →