ദ്രൗപദി മുര്‍മുവിന്റെ ജന്മദേശം വൈദ്യുതീകരിക്കാനൊരുങ്ങി ഒഡീഷ സര്‍ക്കാര്‍

മയൂര്‍ഭഞ്ജ് (ഒഡീഷ): എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിന്റെ ജന്മദേശം വൈദ്യുതീകരിക്കാനൊരുങ്ങി ഒഡീഷ സര്‍ക്കാര്‍.മയൂര്‍ഭഞ്ജ് ജില്ലയിലെ ഉപര്‍ബേദ ഗ്രാമത്തിലുള്ള ദുംഗുര്‍സാഹി മേഖലയിലാണ്‌ വൈദ്യുതീകരണത്തിനു നടപടി തുടങ്ങിയിരിക്കുന്നത്. ഇവിടെയുള്ള പതിനാലോളം പട്ടികവര്‍ഗ കുടുംബങ്ങള്‍ ഇരുട്ടിനെ അകറ്റാന്‍ ഇപ്പോഴും മണ്ണെണ്ണ വിളക്കിനെ ആശ്രയിക്കുന്നവരാണ്.സര്‍ക്കാരിന്റെ പദ്ധതി പൂര്‍ത്തിയാകുന്നതോടെ എത്രയും ഇവിടെ വൈദ്യുത ദീപങ്ങള്‍ പ്രകാശം പൊഴിക്കുമെന്നാണു പ്രതീക്ഷ. ദേശീയ ജനാധിപത്യ സഖ്യം രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ദ്രൗപദി മുര്‍മുവിനെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ദുംഗുര്‍സാഹി വൈദ്യുതീകരിക്കാന്‍ ഒഡീഷ സര്‍ക്കാര്‍ തീരുമാനമെടുത്തത്.ദ്രൗപദി മുര്‍മുവിന്റെ ഇപ്പോഴത്തെ താമസസ്ഥലം ഇതല്ലെങ്കിലും അവരുടെ ജന്മസ്ഥലമാണിത്. വര്‍ഷങ്ങള്‍ക്കു മുമ്പ് 20 കിലോമീറ്റര്‍ അകലെയുള്ള റായ്രംഗപുര്‍ നഗരത്തിലേക്ക് മുര്‍മു താമസം മാറ്റിയിരുന്നു.തൊട്ടടുത്തുള്ള ബഡാസഹി മേഖല പൂര്‍ണമായി വൈദ്യുതീകരിച്ചിട്ടും ദുംഗുര്‍സാഹിയില്‍ ഇരുട്ട് തുടര്‍ന്നതില്‍ ഇവിടെയുള്ള കുടുംബങ്ങള്‍ ദുഃഖിതരായിരുന്നു. വൈദ്യുതീകരണത്തിനു നടപടി സ്വീകരിക്കാന്‍ പല അധികാരകേന്ദ്രങ്ങളിലും മുമ്പ് അപേക്ഷിച്ചിരുന്നതാണെന്നും നടപടി ഉണ്ടായില്ലെന്നും ഇവിടെ താമസക്കുന്ന മുര്‍മുവിന്റെ അനന്തരവന്‍ ബിരഞ്ചി നാരായണ്‍ ടുഡു പറഞ്ഞു.

എന്നാല്‍ ഇവിടെയുള്ള വീടുകള്‍ വനഭൂമിയിലായതുകൊണ്ടാണ്‌ െവെദ്യുതീകരണം നടക്കാതിരുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. നിയമതടസങ്ങള്‍ നീക്കി പദ്ധതി പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. വൈദ്യുതീകരണത്തിന്റെ ചുമതലയുള്ള ടാറ്റ പവര്‍ കമ്പനി ജോലിക്കാരും ഉപകരണങ്ങളുമായി സ്ഥലത്തെത്തിക്കഴിഞ്ഞു. റോഡുകളില്ലാത്ത 500 ഗ്രാമങ്ങളും വൈദ്യുതി എത്താത്ത 1350 ഗ്രാമങ്ങളും ഒഡീഷയിലെ മയൂര്‍ഭഞ്ജ് ഗ്രാമത്തില്‍ ഇപ്പോഴുമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →