ന്യൂഡല്‍ഹി: ശിവസേനാ വിമതനീക്കത്തില്‍ ഭരണം തുലാസിലായ മഹാരാഷ്ട്രയിലെ രാഷ്ട്രീയനാടകം സുപ്രീം കോടതിയിലേക്ക്. തങ്ങളെ അയോഗ്യരാക്കാനുള്ള ഉദ്ധവ് താക്കറെ പക്ഷത്തിന്റെ തന്ത്രത്തിനെതിരേ പരമോന്നത നീതിപീഠത്തെ സമീപിച്ച് ഏകനാഥ് ഷിന്‍ഡെ പക്ഷം. പാര്‍ട്ടിയെയും മഹാവികാസ് അഘാഡി സഖ്യത്തെയും വഞ്ചിച്ച വിമതരുമായി ഇനി സന്ധിയില്ലെന്നു നിലപാടു വ്യക്തമാക്കി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും സംഘവും.
20/06/22 കഴിഞ്ഞ തിങ്കളാഴ്ച തുടങ്ങിയ മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധി ഒരാഴ്ച തികയുമ്പോഴാണ് നിയമപോരാട്ടത്തിനു വഴിതുറക്കുന്നത്. താനുള്‍പ്പെടെ 16 എം.എല്‍.എമാരെ അയോഗ്യരാക്കാനുള്ള നീക്കങ്ങള്‍ക്കു തടയിടാന്‍ ലക്ഷ്യമിട്ട് വിമതനേതാവ് ഏക്നാഥ് ഷിന്‍ഡെ ഇന്നലെ െവെകിട്ടോടെയാണു സുപ്രീം കോടതിയെ സമീപിച്ചത്. നിര്‍ദേശം ലംഘിച്ച് പാര്‍ട്ടി യോഗത്തില്‍ സംബന്ധിച്ചില്ലെന്നതടക്കം കാട്ടി ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാള്‍ കഴിഞ്ഞദിവസമാണു വിമതപക്ഷത്തെ 16 പേര്‍ക്കു നോട്ടീസ് നല്‍കിയത്. അയോഗ്യരാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ തിങ്കളാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നായിരുന്നു നോട്ടീസിന്റെ ഉള്ളടക്കം.ഇതോടെ ഗുവാഹത്തിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ തങ്ങുന്ന ഷിന്‍ഡെപക്ഷം ഇന്നലെ യോഗം ചേര്‍ന്നു സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു. ശിവസേനയിലെ മൂന്നില്‍രണ്ട് എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നു ഷിന്‍ഡെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജി അടിയന്തരമായി പരിഗണിക്കണം.
ഡെപ്യൂട്ടി സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയം നിരാകരിച്ച വിഷയത്തിലും ശിവസേനാ നിയമസഭാകക്ഷി നേതാവായി അജയ് ചൗധരിയെ നിയമിച്ച നടപടി ചോദ്യം ചെയ്തുള്ള നടപടികളിലും തീരുമാനമാകുന്നതുവരെ അയോഗ്യതാ നോട്ടീസിന്‍മേലുള്ള തുടര്‍നീക്കം തടയണം. തങ്ങളുടെ കുടുംബാംഗങ്ങള്‍ക്കു സംരക്ഷണം നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനോടു നിര്‍ദേശിക്കണമെന്നതടക്കമള്ള ആവശ്യങ്ങളും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്. വിഷയം സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ചിലെ ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.ബി. പര്‍ദിവാല എന്നിവര്‍ 27/06/22 രാവിലെ 10.30 നു പരിഗണിക്കും. അതിനിടെ ഉദ്ധവ് പക്ഷത്തെ ഉപേക്ഷിച്ച് ഒരു മന്ത്രികൂടി 26/06/22 ഗുവാഹത്തിയിലെ വിമതക്യാമ്പിലെത്തി. സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ഉദയ് സാമന്താണ് ഒടുവിലായി കൂടുമാറിയത്. ഇതോടെ ഷിന്‍ഡെപക്ഷത്തെത്തിയ മന്ത്രിമാരുടെ എണ്ണം ഒന്‍പതും ആകെ അംഗബലം നാല്‍പ്പത്തെട്ടുമായി. സൂറത്തില്‍നിന്നു ഗുവാഹത്തിയില്‍ വിമാനമിറങ്ങി അവിടെനിന്ന് വിമതര്‍ തമ്പടിച്ചിരിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലായ റാഡിസണ്‍ ബ്ലൂവിലെത്തി ഷിന്‍ഡെയ്ക്കും സംഘത്തിനുമൊപ്പം നില്‍ക്കുന്ന സാമന്തിന്റെ ചിത്രങ്ങളും പുറത്തുവന്നു. കുറഞ്ഞത് രണ്ട് എം.എല്‍.എമാര്‍കൂടി വൈകാതെ തങ്ങള്‍ക്കൊപ്പം ചേരുമെന്ന് വിമതപക്ഷത്തെ ദീപക് കേസര്‍ക്കാര്‍ 26/06/22 രാത്രി അവകാശപ്പെട്ടു. നിയമസഭയില്‍ ബലപരീക്ഷണത്തിനു തയാറാണ്. ഷിന്‍ഡെ പക്ഷത്തിന് അംഗീകാരം നേടുകയെന്നതാണ് ആദ്യലക്ഷ്യം. അടുത്ത മൂന്ന്-നാല് ദിവസത്തിനുള്ളില്‍ അന്തിമതീരുമാനം കൈക്കൊണ്ട് മഹാരാഷ്ട്രയിലേക്കു മടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

