വീട്ടിൽ വളർത്തിയിരുന്ന മുയലുകളെ കൊന്നതായി പരാതി

ആലപ്പുഴ: വീട്ടിൽ വളർത്തിയിരുന്ന മുയലുകളെ അജ്ഞാതർ കൊന്നതായി പരാതി. ആലപ്പുഴ ചാത്തനാട് വാർഡിൽ ആഗ്നസ് വില്ലയിൽ റിട്ടയേഡ് കോളേജ് പ്രൊഫസർ ജോയിസൺ ഫെർണാണ്ടസിന്റെ വീട്ടിലാണ് സംഭവം. കഴിഞ്ഞ ദിവസം രാവിലെ വീട്ടുകാർ എഴുന്നേറ്റപ്പോഴാണ് മുയലുകൾ ചത്ത് കിടക്കുന്നത് കണ്ടത്.

പ്രത്യേകം കൂടുകളിൽ ഇട്ടിരുന്ന ഒൻപത് മുയലുകളിൽ എട്ടെണ്ണത്തെ വീടിന്റെ സിറ്റൗട്ടിന് സമീപം കൊന്നിട്ടിരിക്കുകയായിരുന്നു. ഒരെണ്ണത്തിന്റെ കൂട് തുറക്കാൻ കഴിയാത്തതിനാൽ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് ആലപ്പുഴ നോർത്ത് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു.

മുയലുകളെ അടിച്ച് കൊല്ലാൻ ഉപയോഗിച്ചുവെന്ന് കരുതുന്ന വടി വീടിന് സമീപത്തെ റോഡിൽ നിന്നും കണ്ടെത്തി. സംഭവദിവസം നല്ല മഴയുണ്ടായിരുന്നതിനാൽ മറ്റ് ശബ്ദങ്ങളൊന്നും കേട്ടില്ലെന്ന് വീട്ടുകാർ പറയുന്നു. പൊലീസ് നിർദ്ദേശ പ്രകാരം മുയലുകളെ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കി.

അന്തരാവയവങ്ങൾക്ക് ഏറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. വീട്ടിൽ സിസിടിവി ഇല്ലാത്തതിനാൽ സമീപത്തെ വീടുകളിലെ സിസിടിവിയും പൊലീസ് പരിശോധിക്കുന്നുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →