മുംബൈ: വിമത ശിവസേനാ എം.എല്‍.എമാര്‍ക്ക് തിരിച്ചടിയായി തനിക്കെതിരേയുള്ളള അവിശ്വാസപ്രമേയത്തിന് അനുമതി നിഷേധിച്ച് മഹാരാഷ്ട്ര നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാള്‍. അവിശ്വാസപ്രമേയത്തില്‍ 34 വിമത സേനാ എം.എല്‍.എമാര്‍ ഒപ്പുവച്ചിട്ടുണ്ടെങ്കിലും ഡെപ്യൂട്ടി സ്പീക്കറുടെ ഓഫീസില്‍ സമര്‍പ്പിക്കുന്നതിന് പകരം കഴിഞ്ഞ 22ന് ഒരു അജ്ഞാത ഇ മെയിലിലൂടെ അയക്കുകയാണ് ചെയ്തത് എന്നാണ് വിവരം.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇത്തരം ആശയവിനിമയങ്ങള്‍ രേഖയാക്കും മുമ്പ് അതിന്റെ ആധികാരികത ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് സ്പീക്കുടെ ഓഫീസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. അതുകൊണ്ട് പ്രമേയത്തില്‍ ഒപ്പിട്ടുള്ള വ്യക്തികള്‍ നേരിട്ടു വന്ന് സമര്‍പ്പിക്കാത്തപക്ഷം രേഖയായി പരിഗണിക്കുകയോ തുടര്‍നടപടി എടുക്കുകയോ ചെയ്യില്ല എന്നാണ് വിവരം. സ്പീക്കര്‍ക്കെതിരേ അവിശ്വാസ പ്രമേയം നിലവില്‍ ഉണ്ടെങ്കില്‍ അയോഗ്യതയുടെ കാര്യത്തില്‍ അവര്‍ക്ക് തീരുമാനമെടുക്കാനാവില്ല എന്ന് അരുണാചല്‍പ്രദേശുമായി ബന്ധപ്പെട്ട കേസിലെ സുപ്രീം കോടതി വിധി അടിസ്ഥാനമാക്കിയാണ് വിമതരുടെ നീക്കം.ശരദ്പവാറിന്റെ എന്‍.സി.പിയില്‍ നിന്നുള്ള സിര്‍വാള്‍, വിമതസേനാ നേതാവ് ഏക്നാഥ് ഷിന്‍ഡെയ്ക്കു പകരം അജയ് ചൗധരിയെ സേനയുടെ നിയമസഭാകക്ഷി നേതാവായി നിയമിച്ചിരുന്നു. ഈ നീക്കം നിയമവിരുദ്ധമാണെന്നും പാര്‍ട്ടിയിലെ ന്യൂനപക്ഷവിഭാഗമാണ് ചൗധരിയെ നാമനിര്‍ദേശം ചെയ്തത് എന്നുമാണ് ഷിന്‍ഡെയുടെ നിലപാട്.

