മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കര്‍ക്കെതിരേ അവിശ്വാസത്തിന് നോട്ടീസ്

മുംബൈ: വിമത എം.എല്‍.എമാരെ അയോഗ്യരാക്കാന്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വം ആവശ്യപ്പെടുമ്പോള്‍ മറുവശത്ത് മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാളിനെതിരേ അവിശ്വാസ പ്രമേയത്തിന് സ്വതന്ത്ര എംഎല്‍എമാരുടെ നേതൃത്വത്തില്‍ നീക്കം. ശരദ് പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ (എന്‍.സി.പി) നിന്നുള്ള സിര്‍വാളിനെതിരേ സ്വതന്ത്ര എംഎല്‍എമാരായ മഹേഷ് ബാല്‍ഡിയും വിനോദ് അഗര്‍വാളുമാണ് അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നല്‍കിയത്. ഏകനാഥ് ഷിന്‍ഡെ ഉള്‍പ്പെടെ 16 വിമത എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന ശിവസേനയുടെ അഭ്യര്‍ഥന ലഭിച്ചതിന് പിന്നാലെ ഡെപ്യൂട്ടി സ്പീക്കര്‍ 24/06/22 വിമതര്‍ക്ക് നോട്ടീസ് നല്‍കി.ഏകനാഥ് ഷിന്‍ഡെയ്ക്ക് പകരം അജയ് ചൗധരിയെ നിയമസഭയില്‍ സേനയുടെ കക്ഷിനേതാവായി നിയമിച്ചതിനും ഡെപ്യൂട്ടി സ്പീക്കര്‍ അനുമതി നല്‍കി. ഈ സാഹചര്യത്തിലാണ് ഡെപ്യൂട്ടി സ്പീക്കര്‍ക്കെതിരായ കരുനീക്കങ്ങള്‍. ന്യൂനപക്ഷമാണ് ചൗധരിയുടെ പേര് നിര്‍ദേശിച്ചതെന്നും അതുകൊണ്ടുതന്നെ താനാണ് ഇപ്പോഴും കക്ഷിനേതാവെന്നും ഷിന്‍ഡെ അവകാശപ്പെടുന്നു. സിര്‍വാളിനെതിരേ രംഗത്തുവന്ന രണ്ട് സ്വതന്ത്രന്മാരും ബി.ജെ.പിയുമായി അടുപ്പമുള്ളവരാണെന്ന് കരുതപ്പെടുന്നത്.

അവിശ്വാസ പ്രമേയം നിലനില്‍ക്കെ, എം.എല്‍.എമാര്‍ക്ക് അയോഗ്യത കല്‍പ്പിക്കാന്‍ സ്പീക്കര്‍ക്ക് ആവില്ലെന്ന് സുപ്രീം കോടതി വിധിയുണ്ട്. അരുണാചല്‍ പ്രദേശില്‍ നിന്നുള്ള കേസിലാണ് കോടതി ഇത്തരമൊരു നിലപാട് കൈക്കൊണ്ടത്. ഇതിന്റെ ചുവടുപിടിച്ചാണ് മഹാരാഷ്ട്രയില്‍ സ്വതന്ത്ര എം.എല്‍.എമാരുടെ കരുനീക്കങ്ങള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →