ശിവസേന ആര്‍ക്കൊപ്പമെന്ന കാര്യത്തില്‍ താക്കറെ-ഷിന്‍ഡെ വിഭാഗങ്ങള്‍ നിയമയുദ്ധത്തിലേക്ക്

മുംബൈ: പിളര്‍പ്പിനോ അനുരഞ്ജനത്തിനോ ഇരുപക്ഷവും തയാറാകാത്ത സാഹചര്യത്തില്‍, യഥാര്‍ഥ ശിവസേന ആര്‍ക്കൊപ്പമെന്ന കാര്യത്തില്‍ ഉദ്ധവ് താക്കറെ, ഏക്നാഥ് ഷിന്‍ഡെ വിഭാഗങ്ങള്‍ നിയമയുദ്ധത്തിലേക്ക്. അതേസമയം, ഷിന്‍ഡെയ്ക്കു പകരം ശിവസേന നിയമസഭാകക്ഷി നേതാവായി അജയ് ചൗധരിയെ ഡെപ്യൂട്ടി സ്പീക്കര്‍ നരഹരി സിര്‍വാള്‍ അംഗീകരിച്ചു.പാര്‍ട്ടി ചീഫ് വിപ്പായി ഭരത് ഗോഗാവാലയെ നിയമിക്കാനുള്ള ഷിന്‍ഡെ വിഭാഗത്തിന്റെ നിര്‍ദേശം ഡെപ്യൂട്ടി സ്പീക്കര്‍ തള്ളിയതോടെ വിശ്വാസവോട്ടെടുപ്പ് നടന്നാല്‍ കൂറുമാറ്റനിയമം വിമതര്‍ക്കു തിരിച്ചടിയാകും.

ഷിന്‍ഡെയേയും അസമില്‍ അദ്ദേഹത്തിനൊപ്പം ക്യാമ്പ് ചെയ്യുന്ന 15 വിമത എം.എല്‍.എമാരെയും അയോഗ്യരാക്കണമെന്നു മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഡെപ്യൂട്ടി സ്പീക്കറോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ചു വിമത എം.എല്‍.എമാര്‍ക്കു നോട്ടീസ് അയച്ചതിനേത്തുടര്‍ന്ന്, രണ്ട് സ്വതന്ത്ര എം.എല്‍.എമാരെ മുന്‍നിര്‍ത്തി ഷിന്‍ഡെ പക്ഷം ഡെപ്യൂട്ടി സ്പീക്കര്‍ക്കെതിരേ അവിശ്വാസപ്രമേയത്തിനു നീക്കമാരംഭിച്ചു. ഷിന്‍ഡെ പക്ഷത്തുള്ള കുറച്ച് എം.എല്‍.എമാര്‍ക്കെതിരേ മാത്രം അയോഗ്യതാനടപടി കൈക്കൊള്ളുന്നതിലൂടെ ബാക്കിയുള്ളവരെ മടക്കിക്കൊണ്ടുവരുകയാണ് ഉദ്ധവ് പക്ഷത്തിന്റെ തന്ത്രം. അയോഗ്യരാക്കപ്പെട്ടാല്‍ കോടതിയെ സമീപിക്കാനാണു വിമതപക്ഷത്തിന്റെ തീരുമാനം.

ഭൂരിപക്ഷം എം.എല്‍.എമാര്‍ ഒപ്പമുള്ളതിനാല്‍ യഥാര്‍ഥ ശിവസേന തങ്ങളാണെന്ന് അവകാശപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നു ഷിന്‍ഡെ വ്യക്തമാക്കി. ഉദ്ധവ് താക്കറെ സര്‍ക്കാരിനൊപ്പം ഉറച്ചുനില്‍ക്കുമെന്നാണു സഖ്യകക്ഷികളായ കോണ്‍ഗ്രസിന്റെയും എന്‍.സി.പിയുടെയും നിലപാട്. എം.എല്‍.എമാര്‍ വന്നാലും പോയാലും പാര്‍ട്ടി അണികള്‍ തങ്ങള്‍ക്കൊപ്പമാണെന്ന് ഉദ്ധവ് പക്ഷം അവകാശപ്പെടുന്നു.ഈ പോരാട്ടം തങ്ങള്‍ ജയിക്കുമെന്നും വിമതനീക്കം നിയമപരമായോ രാഷ്ട്രീയമായോ നിലനില്‍ക്കില്ലെന്നും ഉദ്ധവ് പക്ഷത്തെ പ്രിയങ്ക ചതുര്‍വേദി എം.പി. പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →