ലഹരിയില്‍ നിന്നുള്ള മോചനത്തിന് മികച്ച ചികിത്സാ സംവിധാനം ഉറപ്പാക്കി ഹോമിയോപ്പതി വകുപ്പിന്റെ പുനര്‍ജ്ജനി പദ്ധതി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പദ്ധതി പ്രകാരം ജില്ലയില്‍ ചികിത്സതേടിയത് 585 പേരാണ്. ഇതില്‍ 154 പേര്‍ക്ക് ലഹരി ഉപയോഗത്തില്‍ നിന്നും മുക്തി നേടാനായി.
മദ്യം, പുകയില, മയക്കു മരുന്നുകള്‍ തുടങ്ങിയ ലഹരി വസ്തുക്കളുടെ പിടിയില്‍ നിന്നും മുക്തി നേടാന്‍ സാധാരണക്കാര്‍ക്ക് കുറഞ്ഞ ചിലവില്‍ ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹോമിയോപ്പതി വകുപ്പിന് കീഴില്‍ പുനര്‍ജ്ജനി പദ്ധതി ആരംഭിച്ചത്. ജില്ലയില്‍ മൂവാറ്റുപുഴ താലൂക്ക് ഹോമിയോ ആശുപത്രിയില്‍ 2012 ലാണ് പുനര്‍ജ്ജനി ക്ലിനിക്ക് പ്രവര്‍ത്തനം തുടങ്ങിയത്. മുടങ്ങാതെ ചികിത്സിക്കുകയാണെങ്കില്‍ മൂന്നാം മാസം മുതല്‍ രോഗിയില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങും. മൂന്നു മാസം മുതല്‍ മൂന്ന് വര്‍ഷം വരെയാണ് ചികിത്സാ കാലയളവ് കണക്കാക്കുന്നത്.
സൗജന്യ ഹോമിയോ മരുന്നുകള്‍ക്ക് പുറമെ രോഗിക്കും ആവശ്യമെങ്കില്‍ കുടുംബാംഗങ്ങള്‍ക്കും പ്രഗല്‍ഭരായ സൈക്കോളജിസ്റ്റുകളുടെ കൗണ്‍സിലിംങ് സൗകര്യവും പുനര്‍ജ്ജനി പദ്ധതി വഴി ജില്ലയില്‍ നല്‍കുന്നുണ്ട്. നിലവില്‍ 42.63 ശതമാനം ആളുകള്‍ ജില്ലയില്‍ ചികിത്സ തുടരുകയാണ്, 22 ശതമാനം ആളുകള്‍ ഇടയില്‍ വച്ച് ചികിത്സ ഉപേക്ഷിച്ചു, 4.6 ശതമാനം ആളുകള്‍ക്ക് ചികിത്സയില്‍ മാറ്റമില്ലാതെ തുടരുന്നു.
വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ പുനര്‍ജ്ജനി ക്ലിനിക് പ്രവര്‍ത്തിക്കുന്നത്. രണ്ട് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. ഒ.പി രജിസ്‌ട്രേഷന്‍ ചാര്‍ജ്ജിന് പകരം നിര്‍ബന്ധിത പിരിവല്ലാതെ ആശുപത്രി വികസനസമിതി സംഭാവനയായി 50 രൂപ മാത്രമാണ് രോഗികളില്‍ നിന്ന് ഈടാക്കുന്നത്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കാണ് പ്രവേശനം.
നാല്‍പ്പതിലധികം ടെസ്റ്റുകള്‍ ചെയ്യുന്നതിനുള്ള സൗകര്യവും ആശുപത്രിയിലുണ്ട്. ഈ ടെസ്റ്റുകള്‍ നടത്താന്‍ ബി.പി.എല്‍ കാര്‍ഡുടമകള്‍ക്ക് 50 ശതമാനം നിരക്ക് ഇളവ് ലഭിക്കും.
ഫലപ്രദമായ ചികിത്സയ്ക്കു ശേഷം നിരവധിപേര്‍ സാധാരണ കുടുംബ ജീവിതം പുനരാരംഭിച്ചിട്ടുണ്ട്. കൗണ്‍സിലിംങ്, സ്‌കൂള്‍ കോളേജുകള്‍ എന്നിവിടങ്ങളില്‍ പോസ്റ്റര്‍ മത്സരങ്ങള്‍, ബോധവല്‍ക്കരണ പരിപാടികള്‍, മറ്റ് ലഹരി മുക്ത പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയും പദ്ധതിയുടെ കീഴില്‍ നടപ്പിലാക്കുന്നുണ്ടെന്ന് പുനര്‍ജ്ജനി ജില്ലാകണ്‍വീനര്‍ ഡോക്ടര്‍ പി.എ എമില്‍ പറഞ്ഞു.
മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലെ പുനര്‍ജ്ജനി ക്ലിനിക്കില്‍ ബുക്ക് ചെയ്യാന്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ 0485 2950566 എന്ന നമ്പറില്‍ ബന്ധപ്പെടാം.