ഇടുക്കിയിലെ ആദിവാസി ജനത നേരിടുന്ന ഭൂപ്രശ്നത്തിൽ സർക്കാർ ഇടപെടണമെന്ന് സിപിഐ മണ്ഡലം പ്രസിഡന്റ് പി പളനിവേൽ

ഇടുക്കി: വർഷങ്ങൾ പിന്നിട്ടിട്ടും പുനരധിവാസം എങ്ങുമെത്താതെ 158 ആദിവാസി കുടുംബങ്ങൾ. പെരിഞ്ചാംകുട്ടി വനമേഖലയിൽ നിന്നും കുടിയിറക്കപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസമാണ് എങ്ങുമെത്താതെ അനിശ്ചിതത്വത്തിലായായത്. പെരിഞ്ചാംകുട്ടിയിൽ തന്നെ ഭൂമി കണ്ടെത്തി പുനഃരധിവാസം നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ ജില്ല കലക്‌ടർക്ക് നിർദേശം നൽകിയിട്ട് 10 വർഷങ്ങൾ കഴിഞ്ഞു. ആദിവാസികൾക്ക് ഭൂമി ലഭിച്ചില്ല. 2012 ൽ ആണ് ഇടുക്കി പെരിഞ്ചാംകുട്ടിയിൽ നിന്നും 158 ആദിവാസി കുടുംബങ്ങളെ വനം വകുപ്പ് കുടിയിറക്കിയത്.

പെരിഞ്ചാംകുട്ടി പ്രദേശം റവന്യൂ ഭൂമിയാണ് എന്ന സർക്കാർ രേഖകൾ നിലനിൽക്കെയാണ് വന ഭൂമിയാണ് എന്ന് സ്ഥാപിച്ച് ആദിവാസികളെ വനംവകുപ്പ് കുടിയിറക്കിയത്. ഇതോടെ വർഷങ്ങളായി കൃഷി ചെയ്‌ത് ഉപജീവനം നടത്തി വന്നിരുന്ന ഭൂമി ഉപേക്ഷിച്ച് ഇവർക്ക് കാട് ഇറങ്ങേണ്ടി വന്നു. കിടപ്പാടത്തിനായി ആദിവാസികളുടെ നേതൃത്വത്തിൽ വർഷങ്ങളായി നടത്തി വന്ന ഭൂസമരത്തിനും നിയമ പോരാട്ടത്തിനുമൊടുവിൽ പെരിഞ്ചാംകുട്ടിയിൽ ഒരു ഏക്കർ വീതം ഭൂമി നൽകാൻ ഉത്തരവായി.

തുടർ നടപടികൾക്കായി സംസ്ഥാന സർക്കാർ ജില്ല കലക്‌ടറെ ചുമതലപ്പെടുത്തുകയും ചെയ്‌തു. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും പുനരധിവാസം എങ്ങുമെത്തിയില്ല. പുനരധിവാസം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും സർക്കാരിനെ സമീപിച്ചപ്പോൾ പെരിഞ്ചാംകുട്ടിയിൽ 158 കുടുംബങ്ങളെയും പുനരധിവസിപ്പിച്ചു എന്ന മറുപടിയാണ് ലഭിച്ചത്.

ഉദ്യോഗസ്ഥർ സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചതാണെന്നാണ് ഇവരുടെ ആരോപണം. ഇടുക്കിയിലെ ആദിവാസി ജനത നേരിടുന്ന ഭൂപ്രശ്നത്തിൽ സർക്കാർ ഇടപെടണമെന്ന് സിപിഐ മണ്ഡലം പ്രസിഡന്റ് പി പളനിവേൽ ആവശ്യപ്പെട്ടു. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും പി. പളനിവേൽ മാധ്യമങ്ങളോട് പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →