തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് 25/06/22 ശനിയാഴ്ച മുതൽ വർദ്ധിപ്പിക്കും. 5 മുതൽ 10 ശതമാനം വരെയാണ് നിരക്ക് വർധിപ്പിക്കാൻ ആലോചിക്കുന്നത്.യൂണിറ്റിന് 15 പൈസ മുതൽ 50 പൈസ വരെയാണ് വർധിപ്പിക്കാൻ ആലോചിക്കുന്നത്.ചില വിഭാഗങ്ങൾക്ക് ഇളവു നൽകാനുള്ള തീരുമാനവും ഉണ്ടായേക്കും.
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ വർദ്ധിപ്പിക്കണം എന്നായിരുന്നു വൈദ്യുതി ബോർഡിൻറെ ആവശ്യം. യൂണിറ്റിന് 30 പൈസ മുതൽ 92 പൈസ വരെ ഗാർഹിക ഉപഭോക്താക്കൾക്ക് വർദ്ധിപ്പിക്കണമെന്ന് ബോർഡ് റെഗുലേറ്ററി കമ്മീഷന് സമർപ്പിച്ച താരിഫ് പെറ്റീഷനിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ റെഗുലേറ്ററി കമ്മീഷൻ ഇതു തള്ളി. ബോർഡിൻറെ ആവശ്യം അംഗീകരിച്ചാൽ സംസ്ഥാനത്ത് താരിഫ് ഷോക്ക് ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻറെ നടപടി.
ബോർഡ് സമർപ്പിച്ച കണക്കുകളിൽ രേഖപ്പെടുത്തിയിട്ടുള്ള അത്രയും നഷ്ടം ബോർഡിൽ ഉണ്ടാകില്ലെന്നും കമ്മീഷൻ കണ്ടെത്തി.കൂടുതൽ യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് നിരക്ക് വർധന കൂടുതൽ എന്ന രീതിയിലാണ് പുതിയ മാറ്റം.കാർഷിക , ദുർബല വിഭാഗങ്ങൾക്ക് ഇളവുകളും കമ്മീഷൻ പ്രഖ്യാപിക്കും.വാണിജ്യ ഉപഭോക്താക്കളുടെയും നിരക്ക് വർദ്ധിക്കും.ഗാർഹിക ഉപഭോക്താക്കളുടേതിന് സമാനമായ വർദ്ധന മാത്രമേ വാണിജ്യ ഉപഭോക്താക്കൾക്കും ഉണ്ടാകുകയുള്ളൂ.അടുത്ത നാലു വർഷത്തേക്കുള്ള നിരക്കുകളാണ് കമ്മീഷൻ അവൻ 25/06/22 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് പ്രഖ്യാപിക്കുക. ഏപ്രിൽ മുതലുള്ള മുൻകാല പ്രാബല്യത്തോടെയാകുമിത്.

