മാലി: ഇന്ത്യന്‍ നയതന്ത്ര കാര്യാലയം സംഘടിപ്പിച്ച യോഗാ പരിപാടിക്ക് നേരേ മാലിദ്വീപില്‍ ആക്രമണം. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് കണ്ണീര്‍ വാതകവും കുരുമുളക് സ്പ്രേയും പ്രയോഗിച്ചു. രാജ്യാന്തര യോഗാ ദിനാഘോഷത്തിന്റെ ഭാഗമായി യോഗാ പരിശീലനം നടന്നുകൊണ്ടിരുന്ന സ്റ്റേഡിയത്തിലേക്ക് 21/06/22 രാവിലെ ഒരുപറ്റം ആളുകള്‍ ഇരച്ചുകയറുകയായിരുന്നെന്ന് സംഘാടകര്‍ വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു.
നയതന്ത്രജ്ഞരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 150-ല്‍പരം ആളുകളാണ് പരിപാടിയില്‍ പങ്കെടുത്തിരുന്നത്. പ്രതിഷേധക്കാര്‍ ഇവര്‍ക്കുനേരേ ആക്രമണം അഴിച്ചുവിട്ടു. തുടര്‍ന്നായിരുന്നു മാലിദ്വീപ് പോലീസിന്റെ ശക്തമായ ഇടപെടല്‍. യോഗ ഇസ്ലാമിന്റെ നയങ്ങള്‍ക്കു വിരുദ്ധമാണെന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ പ്രതിഷേധക്കാര്‍ ഉയര്‍ത്തിയതായി റിപ്പോര്‍ട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് സൂപ്രണ്ട് ഫത്മത് നഷ്വ അറിയിച്ചു. അക്രമത്തെ ഗൗരവമായിട്ടാണു കാണുന്നതെന്നും കുറ്റക്കാരെ എത്രയും വേഗം നിയമത്തിനു മുമ്പില്‍ കൊണ്ടുവരുമെന്നും മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോളി ട്വീറ്റ് ചെയ്തു.