അഫ്ഗാനിസ്ഥാനിൽ ഭൂകമ്പം: 1000 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

അഫ്ഗാനിസ്ഥാനിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 1000 പേർ കൊല്ലപ്പെട്ടുവെന്ന് വാർത്താ ഏജൻസിയായ അസോഷ്യേറ്റഡ് പ്രസ് (എപി) റിപ്പോർട്ട് ചെയ്തു. 1500 പേർക്കു പരിക്കേറ്റു. തെക്ക്-കിഴക്കൻ നഗരമായ ഖോസ്റ്റിൽ നിന്ന് 44 കിലോമീറ്റർ അകലെയാണ് ഭൂചലനം ഉണ്ടായത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് അധിക‍ൃതർ അറിയിച്ചു. ഭൂരിഭാഗം മരണങ്ങളും പക്ടിക പ്രവിശ്യയിലാണ്. കിഴക്കൻ പ്രവിശ്യകളായ നംഗർഹാർ, ഖോസ്റ്റ് എന്നിവിടങ്ങളിലും മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്

ഖോസ്റ്റ്, പക്ടിക പ്രവിശ്യകളിൽ നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. പക്ടികയിൽ 90 വീടുകൾ തകർന്നെന്നാണ് റിപ്പോർട്ട്. നിരവധി ആളുകൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നെന്നാണ് വിവരം. പക്ടികയിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ ഹെലികോപ്റ്റർ വഴിയാണ് രക്ഷപ്പെടുത്തുന്നത്. ഖോസ്റ്റ് പ്രവിശ്യയിൽ 25 പേർകൊല്ലപ്പെടുകയും 95 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രദേശിക അധികൃതർ അറിയിച്ചു.

അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലും ഭൂചലനത്തിന്റെ പ്രകമ്പനം ഉണ്ടായി. കൂടാതെ പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്‌ലാമാബാദ്, മുൽത്താൻ, ക്വറ്റ തുടങ്ങിയ വിവിധ പ്രദേശങ്ങളിലും പ്രകമ്പനം ഉണ്ടായി. ഈ പ്രദേശങ്ങളിലെ വീടുകൾക്കും കെട്ടിടങ്ങൾക്കും നാശമുണ്ടായതായിട്ടാണ് റിപ്പോർട്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →