തിരുവനന്തപുരം : “അച്ഛനോടും അനിയനോടും പൊറുക്കണം മക്കളെ” മകള്‍ കാവ്യയോട് മാപ്പ് ചോദിച്ചു കൊണ്ട് പ്രകാശ് ദേവരാജ് എഴുതിയ ആത്മഹത്യാക്കുറിപ്പിലെ വാക്കുകള്‍ ആരുടെയും മനസ് വേദനിപ്പിക്കുന്നതാണ്. മരണത്തിന് കാരണം ഭാര്യയും സുഹൃത്തുക്കളുമാണെന്ന് എഫ്‌ബിയില്‍ പോസ്‌റ്റിട്ട് ടാങ്കര്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറ്റി ജീവന്‍ അവസാനിപ്പിക്കുകയായിരുന്നു ദേവരാജന്‍. അങ്ങ് ദൂരെ നക്ഷത്രങ്ങള്‍ക്കിടയില്‍ ഇരുന്ന് എല്ലാം കാണുമെന്ന് ഏറെ വൈകാരികമായി പ്രകാശ് ദേവരാജന്‍ ആത്‌മഹത്യാകുറിപ്പില്‍ വിവരിക്കുന്നു.
മകള്‍ കാവ്യ എസ് ദേവിന് എല്ലാ നന്മകളും നേരുന്നു. അച്ഛനോടും വാവയോടും പൊറുക്കണം മക്കളെ എന്ന് പ്രകശ് കത്തില്‍ പറയുന്നു. തങ്ങളുടെ മരണത്തിന് കാരണം ഭാര്യ ശിവകലയും ഇവരുടെ സുഹൃത്തുക്കളായ വിളപ്പില്‍ ശാല സ്വദേശി അനീഷ്, ദുബൈയില്‍ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി ഉണ്ണി, ബഹറിനില്‍ ഡാന്‍സ് സ്‌കൂള്‍ നടത്തുന്ന മുനീര്‍, അനീഷിന്റെ അമ്മ പ്രസന്ന, എന്നിവര്‍ ആണെന്ന് കത്തില്‍ പറയുന്നു. ഭാര്യ ഉള്‍പ്പെടുന്ന നാലുപേര്‍ തന്നെയും മക്കളെയും മാനസികമായും സാമ്പത്തികമായും അത്രയേറെ ദ്രോഹിച്ചുവെന്നും, തന്നെ ലക്ഷക്കണക്കിന് രൂപയുടെ കടക്കാരനാക്കിയെന്നും കത്തില്‍ പ്രകാശ് പറയുന്നു. ഇവര്‍ക്കെതിരെ എന്ത് നിയമ നടപടി സ്വീകരിക്കാന്‍ കഴിയും എന്ന് തനിക്കറിയില്ല. എന്തുതന്നെ ആയാലും നിയമവും ഭരണ സംവിധാനവും ഉപയോഗിച്ച് ഇവരെ നാട്ടിലെത്തിച്ച് അവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ കിട്ടുമെന്ന് താനും മകനും കരുതുന്നു. എന്ന് പ്രകാശ് പറയുന്നു.
അനീഷ് എന്ന യുവാവ് ഇപ്പോള്‍ ബഹറിനില്‍ തന്റെ ഭാര്യക്കൊപ്പമാണ് കഴിയുന്നതെന്നും തന്റെയും മക്കളുടെയും തകര്‍ച്ചക്കുവേണ്ടി പ്രവര്‍ത്തിച്ചവര്‍ ആരും നിയമത്തിനുമുന്നില്‍ നിന്ന രക്ഷപെടരുത് എന്നും തന്റെയും മകന്‍ ശിവദേവിന്റെയും മരണമൊഴിയാണിതെന്നും തങ്ങളുടെ മരണത്തിന് ഉത്തരവാദികളായ എല്ലാവര്‍ക്കും എതിരെ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ പറയുന്നുണ്ട് . ഈ കത്താണ് അപകടത്തില്‍ പെട്ട കാറില്‍ നിന്നും പോലീസിന് ലഭിച്ചത്. കത്തില്‍ സൂചിപ്പിക്കുന്ന നാലുപേര്‍ക്കെതിരെ പ്രകാശ് രണ്ടു ദിവസം മുമ്പ് വട്ടിയൂര്‍ക്കാവ് പോലീസില്‍ പരാതി സമര്‍പ്പിച്ചിരുന്നു.

