തൃശൂര്‍ : പട്ടികജാതിക്കാരിയായ വിദ്യാര്‍ത്ഥിനിയെ ലൈംഗിക പീഡനത്തിനിരിയാക്കിയ കേസില്‍ തൃശൂര്‍ പോലീസ് കേസെടുത്ത് പത്തുദിവസത്തിനുളളില്‍ പോക്‌സോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2022 ജണ്‍മാസം മൂന്നിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. സമൂഹ മാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ട പ്ലസ് വണ്‍ വിദ്യാർത്ഥിനിയെ ലൈംഗിക ചൂഷണത്തിനിരയാക്കുകയും മര്‍ദിക്കുകയും ചെയ്‌തെന്ന പരാതിയില്‍ ചങ്ങനാശേരി പെരുന്ന വാലംപറമ്പില്‍ അഖില്‍ എന്ന 21 കാരനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. 2022 ജൂണ്‍ അഞ്ചിനാണ് അഖിലിനെ അറസ്‌റ്റ് ചെയ്‌തത്.
പോക്‌സോ, പട്ടികജാതി വിഭാഗങ്ങള്‍ക്കുനേരെയുളള അതിക്രമം ഉള്‍പ്പെടയുളള വകുപ്പുകള്‍ ചുമത്തിയതോടെ കേസ് തൃശൂര്‍ എസിപി വികെ രാജുവിന്റെ അന്വേഷണ പരിധിയില്‍ വന്നു. ഏഴാംതീയതിയായിരുന്നു കേസ് തൃശൂര്‍ എസിപിക്കു കൈമാറിയത്. പത്തുദിവസത്തിനുളളില്‍ അന്വേഷണം പൂര്‍ത്തിയാക്കി ജൂണ്‍ 17 വെളളിയാഴ്‌ച 30 പേജുളള കുറ്റപത്രം തൃശൂര്‍ പോക്‌സോ കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ 20 സാക്ഷികളാണുളളത്. പ്രതി ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്.