കോഴിക്കോട് കോർപ്പറേഷനിൽ അനധികൃതമായി അനുമതി നൽകിയിട്ടുള്ളത് ആയിരത്തോളം കെട്ടിടങ്ങൾക്ക്

കോഴിക്കോട്: കോർപ്പറേഷനിലെ പാസ്‌വേർഡ് ചോർത്തി പൊളിക്കാൻ ഉത്തരവിട്ട കെട്ടിടങ്ങൾ ഉൾപ്പടെ ആയിരത്തോളം കെട്ടിടങ്ങൾക്കാണ് അനധികൃതമായി അനുമതി നൽകിയിട്ടുള്ളത്. കോഴിക്കോട് സൗത്ത് ബീച്ചിന് സമീപം കോർപ്പറേഷൻ പൊളിച്ച് നീക്കാൻ ഉത്തരവിട്ട ഒരു കെട്ടിടത്തിന് നമ്പർ നൽകിയത് ശ്രദ്ധയിൽപ്പെട്ടതോടെ നടത്തിയ പരിശോധനയിൽ സമാന രീതിയിൽ ആറ് കെട്ടിടങ്ങൾക്ക് അനുമതി നൽകിയതായി കണ്ടെത്തി. പ്രാഥമിക നടപടിയായി നാല് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയും ചെയ്തു.സാങ്കേതിക കാര്യങ്ങൾ ചൂണ്ടിക്കാട്ടി കോർപ്പറേഷനിലെ ഉന്നതോദ്യോഗസ്ഥർ കൈകഴുകുമ്പോൾ കോർപ്പറേഷന്റെ അനാസ്ഥയാണ് ഇത്രയും വലിയ തട്ടിപ്പിന് കാരണമായതെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ പറയുന്നത്.

കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ കെട്ടിടങ്ങൾക്ക് അനധികൃതമായി അനുമതി നൽകിയത് ശ്രദ്ധയിൽപ്പെട്ട ഗ്രേഡ് രണ്ട് റവന്യൂ ഓഫീസർ ആറ് മാസം മുമ്പ് തന്നെ കോർപ്പറേഷൻ സെക്രട്ടറിയ്ക്ക് കത്തയച്ചിരുന്നു. 2021 ജൂലായ്‌ മുതൽ ഡിസംബർ വരെയുളള കാലയളവിൽ 236 നികുതി നിർണയങ്ങൾ നടത്തിയതിന്റെ രേഖകൾ പരിശോധിച്ചെന്നും ഇതിലെല്ലാം തന്റെ ഡിജിറ്റൽ സിഗ്നേചർ പതിച്ചിട്ടുണ്ടെന്നും ഇത് തന്റെ അറിവോടെയല്ലെന്നും ആയിരുന്നു കത്തിന്റെ ഉള്ളടക്കം. ഏത് ഓഫീസിൽ നിന്ന്, ഏത് സമയത്താണ് ഇത് ചെയ്തതെന്ന് കണ്ടെത്തണമെന്നും ക്രമക്കേട് കണ്ടുപിടിക്കാൻ സമഗ്രമായ അന്വേഷണം വേണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.

ഈ കെട്ടിടങ്ങൾക്ക് അനധികൃതമെന്ന് ചൂണ്ടിക്കാണിച്ച് നോട്ടീസ് നൽകിയതിന് അപ്പുറത്തേക്ക് ഈ വിവരം പോലീസിൽ അറിയിക്കുന്നതിനോ കെട്ടിട നമ്പർ എങ്ങനെ ലഭ്യമായി എന്നതുസംബന്ധിച്ച് മറ്റ് അന്വേഷണങ്ങൾക്കോ തുടർ നടപടികൾക്കോ അന്ന് ഉന്നതാധികാരികൾ തയ്യാറായില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. നടപടി ഉണ്ടാവില്ലെന്ന ധൈര്യമാണ് വീണ്ടും ഇതേ തട്ടിപ്പ് തുടരാൻ കുറ്റക്കാരെ പ്രേരിപ്പിച്ചതെന്ന് ബിജെപി കൗൺസിലർമാരും ആരോപിക്കുന്നു. ഒപ്പം കെട്ടിട നമ്പർ നൽകുന്നതിനായി ഇൻഫോർമേഷൻ കേരളാ മിഷൻ നൽകിയ സോഫ്റ്റ്‌വെയറിൽ അപാകതയുണ്ടോ എന്ന് പരിശോധിക്കാനും കോർപ്പറേഷൻ സെക്രട്ടറി അടക്കമുള്ളവർ തയ്യാറായില്ലെന്നും ആരോപണം ഉണ്ട്.

കോർപ്പറേഷൻ ഓഫീസിന്റെ പ്രവർത്തി സമയത്തിന് മുമ്പും ശേഷവുമാണ്, ഇപ്പോൾ കണ്ടെത്തിയ അനധികൃത കെട്ടിട നമ്പറുകൾ നൽകിയിട്ടുള്ളത്. സഞ്ജയ് സോഫ്റ്റ് വെയറിലെ ലോഗിൻ വിവരങ്ങളിൽ ഈ കാര്യം വ്യക്തമാണ്. റവന്യൂ ഇൻസ്പെക്ടറുടെ CNZ എന്ന ലോഗിൻ വഴി മെയ് 31-ന് വൈകീട്ട് 5.30, രാത്രി 11.20, ജൂൺ ഒന്നിന് വൈകീട്ട് 4.40, 4.50 എന്നിങ്ങനെ ഓഫീസിന്റെ പ്രവർത്തന സമയത്തിൽ ഉൾപ്പെടാത്ത സമയത്താണ് ഫയലുകൾക്ക് അനുമതി നൽകിയിട്ടുള്ളത്. ബേപ്പൂരിലെ സോണൽ ഓഫീസിലെ ലോഗിനിൽ നിന്ന് ഓഫീസ് സമയത്തും തട്ടിപ്പ് നടന്നിട്ടുണ്ട്. ആർക്കും എവിടെ നിന്നും ലോഗിൻ ചെയ്യാവുന്ന ആപ്ലിക്കേഷൻ ആയതിനാൽ മറ്റേതെങ്കിലും സ്ഥലത്ത് വച്ച് ക്രമക്കേട് നടത്തിയതാവാം എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. നിന്നും ലോഗിൻ ചെയ്യാവുന്ന ആപ്ലിക്കേഷൻ ആയതിനാൽ മറ്റേതെങ്കിലും സ്ഥലത്ത് വച്ച് ക്രമക്കേട് നടത്തിയതാവാം എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.ജോലി തീർക്കാൻ വേണ്ടി ഒരാൾ അസമയത്ത് ഓഫീസിൽ ഇരുന്നാൽ അത് സഹപ്രവർത്തകരിൽ ആരെങ്കിലും അറിയില്ലേയെന്നും ഇവിടെ അങ്ങനൊന്ന് ഉണ്ടായിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.

ഉദ്യോഗസ്ഥരും വിരമിച്ച ഉദ്യോഗസ്ഥരും റിയൽ എസ്റ്റേറ്റ് മാഫിയകളും ഒന്നിച്ചു നടത്തിയ തട്ടിപ്പാണിതെന്നും ആരോപണം ഉണ്ട്. പോലീസ് അന്വേഷണത്തിന് പുറമേ കോർപ്പറേഷൻ തന്നെ ആഭ്യന്തര അന്വേഷണം നടത്തുന്നുണ്ട്. ഇതിൽ ഇതുവരെ തട്ടിപ്പ് നടത്തിയ ഒരു ഐപി വിലാസം മാത്രമാണ് തിരിച്ചറിയാൻ സാധിച്ചിട്ടുളളത്. ചെറുവണ്ണൂരിലെ സോണൽ ഓഫീസ് വഴിയാണ് ഈ തട്ടിപ്പ് നടന്നത്. ഐപി വിലാസത്തിൽ നിന്നും സ്ഥലവും സമയവും കണ്ടെത്താൻ കഴിയുമെമെങ്കിലും തട്ടിപ്പ് നടത്തിയ ആളെ എളുപ്പം കണ്ടെത്താൻ കഴിയില്ലെന്നതാണ് പോലീസിനേയും കോർപ്പറേഷനേയും കുഴക്കുന്നത്.

വസ്തു നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഇൻഫോർമേഷൻ കേരളാ മിഷൻ തയ്യാറാക്കിയ സഞ്ജയ് സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ കെട്ടിടങ്ങൾക്ക് നമ്പർ നൽകുന്നത്. ഓപ്പറേറ്റർ, വെരിഫൈയർ, അപ്രൂവർ, ഡിജിറ്റൽ സിഗ്നേച്ചർ എന്നീ ലോഗിനുകളാണ് ഇതിൽ ഉള്ളത്. ഇതിൽ അപ്രൂവർമാരും യൂസർമാരുമായ ഉദ്യോഗസ്ഥർക്ക് നൽകിയ ലോഗിനിൽ കയറിയാൽ കോർപ്പറേഷൻ മെയിൻ ഓഫീസ്, മൂന്ന് സോണൽ ഓഫീസ് എന്നിവിടങ്ങളിലെ മുഴുവൻ ഡാറ്റയും കാണാൻ കഴിയും. മുഴുവൻ ഓഫീസുകളിലേയും നടപടിക്രമങ്ങൾ ഏത് ഓഫീസിലെ ഉദ്യോഗസ്ഥന് വേണമെങ്കിലും അംഗീകാരം നൽകാവുന്ന രീതിയിലാണ് ഈ സോഫ്റ്റ്‌വെയർ ഉള്ളത്. നിലവിലെ സർക്കാർ ഉത്തരവ് പ്രകാരം 300 സ്‌ക്വയർ മീ. വരെയുള്ള

കെട്ടിടങ്ങൾക്ക് മാത്രമേ റവന്യൂ ഓഫീസർ ഗ്രേഡ് 2-ൽ ഉള്ള ഉദ്യോഗസ്ഥൻ അനുമതി നൽകാൻ പാടുള്ളൂ എന്നാൽ സഞ്ജയ് അപ്ലിക്കേഷനിൽ അത്തരം ലിമിറ്റ് ഇല്ല.

ഈ അപാകതകൾ നന്നായി അറിയാവുന്നവരാണ് തട്ടിപ്പ് നടത്തിയതും നിലവിൽ അനധികൃതമായി അംഗീകാരം നൽകിയ കെട്ടിടങ്ങളിൽ സോഫ്റ്റ് വെയർ ലോഗിൻ ചെയ്ത സോണൽ ഓഫീസിന്റെ പരിധിയ്ക്ക് പുറത്ത് ഉള്ളവയും ഉണ്ടെന്നതും ഗ്രേഡ് 2 വിലുളള ഉദ്യോഗസ്ഥന്റെ ലോഗിനിൽ നിന്ന് 300 സ്‌ക്വയർ മീറ്ററിന് മുകളിലുളള കെട്ടിടങ്ങൾങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ടെന്നതും ഇതിന്റെ തെളിവാണ്. വെരിഫൈയർ, അപ്രൂവർ ലോഗിനുകൾ ഉപയോഗിച്ച് കെട്ടിട നമ്പർ അനുവദിക്കാൻ ഒരാൾ നൽകിയ വിവരങ്ങളിൽ ഫയൽ നമ്പർ, അപേക്ഷകന്റെ പേര് എന്നിവയൊഴികെ ഏത് വിവരവും എഡിറ്റ് ചെയ്ത് മാറ്റാം എന്നതും അങ്ങനെ മാറ്റുന്ന സിസ്റ്റത്തിന്റെ ഐപി അഡ്രസ് കണ്ടെത്താൻ കഴിയില്ല എന്നതും തട്ടിപ്പുകാർക്ക് സഹായകമായിട്ടുണ്ട്.

മുമ്പ് ഈ സോഫ്റ്റ്‌വെയറിലെ ഇത്തരം ന്യൂതകൾ കാണിച്ച് കോർപ്പറേഷൻ സെക്രട്ടറിയ്ക്ക് ഒരു ഉദ്യോഗസ്ഥൻ കത്ത് നൽകിയിരുന്നെങ്കിലും അന്ന് സോഫ്റ്റ് വെയറിൽ പ്രശ്നങ്ങളുണ്ടെന്ന് ഇൻഫോർമേഷൻ കേരളാ മിഷനെ അറിയിക്കുകയല്ലാതെ ഈ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. അന്ന് പിഴവുകൾ ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥനും ഇപ്പോൾ സസ്പെൻഷൻ കിട്ടിയവരുടെ കൂട്ടത്തിൽ ഉണ്ടെന്നതും വിചിത്രം.

ആറ് മാസം മുമ്പ് ക്രമക്കേട് ചൂണ്ടിക്കാട്ടിയപ്പോൾ നടപടി എടുക്കുകയും സോഫ്റ്റ്‌വെയറിലെ അപാകതകൾ പരിഹരിക്കുകയും ചെയ്തിരുന്നെങ്കിൽ ഇത്രത്തോളം വലിയതട്ടിപ്പ് നടക്കില്ലായിരുന്നെന്നാണ് റവന്യൂ ഉദ്യോഗസ്ഥരും പ്രതിപക്ഷവും പറയുന്നത്. വിശദീകരണം പോലും ചോദിക്കാതെ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തതിൽ ഉദ്യോഗസ്ഥരുടെ ഇടയിൽ നിന്നുതന്നെ പ്രതിഷേധം ഉയരുന്നുണ്ട്. സോഫ്റ്റ്‌വെയറിന്റെ ന്യൂനതകൾ എത്രയും പെട്ടന്ന് പരിഹരിക്കണമെന്നും കുറ്റമറ്റ രീതിയിൽ ഏതെങ്കിലും ഏജൻസിയെ വച്ച് അന്വേഷണം നടത്തണമെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്.

കോർപ്പറേഷന്റെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റേയും നീക്കം. സംഭവത്തിൽ കോർപ്പറേഷന്റെ ആഭ്യന്തര അന്വേഷണത്തിന് പുറമേ കോഴിക്കോട് ടൗൺ പോലീസും ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണറും അന്വേഷണം നടത്തുന്നുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രാഥമിക വിവരശേഖരണം നടത്തി. അനധികൃതമായി കെട്ടിടാനുമതി സമ്പാദിച്ച ഉടമകളിൽ നിന്ന് മൊഴിയെടുക്കലാണ് അടുത്തഘട്ടം.ക്രമക്കേട് ആരാണ് ചെയ്തതെന്നോ, എവിടെ നിന്നാണോ പരാതിയിലില്ലാത്തതിനാൽ നിലവിൽ ആരെയും പ്രതിചേർത്തിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →