തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷാ ഫലങ്ങൾ 21/06/22 ചൊവ്വാഴ്ച പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് പിആർഡി ചേംബറിൽ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക. ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം മൊബൈൽ ആപ്പുകളിലും, വെബ്സൈറ്റുകളിലും ഫലം ലഭ്യമാകും.
2022 മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെ സംസ്ഥാനത്തുടനീളമുള്ള വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ ആണ് പ്ലസ് ടു പരീക്ഷകൾ നടന്നത്. പ്രാക്ടിക്കൽ പരീക്ഷ മെയ് 3 മുതലായിരുന്നു നടത്തിയത്. 4,32,436 വിദ്യാർത്ഥികളാണ് ഇത്തവണ പ്ലസ് ടു പരീക്ഷയെഴുതിയത്. 3,65,871 പേർ റെഗുലർ ആയും, 20,768 പേർ പ്രൈവറ്റ് ആയും പരീക്ഷയെഴുതി. 45,795 പേർ ഓപ്പൺ സ്കൂളിന് കീഴിൽ പരീക്ഷ എഴുതിയിട്ടുണ്ട്. വൊക്കേഷണൽ ഹയർസെക്കന്ററിയിൽ 31,332 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. വിഎച്ച്എസ്ഇ 30,158 വേറെ റെഗുലർ ആയും, 198 പേർ പ്രൈവറ്റ് ആയും പരീക്ഷയെഴുതി.
Keralaresult.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ വിദ്യാർഥികൾക്ക് പരീക്ഷാഫലം പരിശോധിക്കാം. ആദ്യം ഹോംപേജിൽ റിസൾട്ട് എന്ന ലിങ്ക് ഓപ്പൺ ചെയ്യുക. വിദ്യാർത്ഥികൾ തങ്ങളുടെ ലോഗിൻ വിശദാംശങ്ങൾ നൽകുക. തുടർന്ന് ഫലം സ്ക്രീനിൽ കാണാം. തുടർന്നുള്ള ആവശ്യങ്ങൾക്കായി അതിന്റെ ഒരു കോപ്പി സൂക്ഷിക്കണം.
പ്ലസ് ടു പരീക്ഷകൾക്ക് ഇത്തവണയും ഗ്രേസ്മാർക്ക് നൽകിയിരുന്നില്ല. കലാകായിക മത്സരങ്ങൾ നടത്താത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എൻസിസി ഉൾപ്പെടെയുള്ളവയ്ക്കുo ഗ്രേസ് മാർക്ക് ഉണ്ടാകില്ല. കഴിഞ്ഞവർഷം (2021) ജൂലൈ 28നാണ് പ്ലസ് ടു ഫലം പുറത്തുവന്നത്. 2021-ൽ ആകെ 3,28,702 വിദ്യാർഥികളാണ് പരീക്ഷയിൽ വിജയിച്ചത്.

