കെട്ടിടങ്ങൾക്ക് അനധികൃതമായി നമ്പറിട്ട് സംഭവത്തിൽ പോലീസ് കേസെടുത്തു; കോഴിക്കോട് കോർപ്പറേഷൻ

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിൽ കെട്ടിടങ്ങൾക്ക് അനധികൃതമായി നമ്പർ നൽകിയ സംഭവത്തിൽ പോലീസ് കേസെടുത്തു. കോഴിക്കോട് ടൗൺ പോലീസാണ് സംഭവത്തിൽ കേസെടുത്തത്. കോർപ്പറേഷൻ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വ്യാജരേഖ നിർമ്മാണം, ഐ ടി വകുപ്പുകൾ എന്നിവ ചേർത്താണ് കേസെടുത്തിരിക്കുന്നത്.

കോർപ്പറേഷൻ സെക്രട്ടറിയുടെ പരാതിയെതുടർന്നാണ് നടപടി. കേസിൽ നിലവിൽ ആരെയും പ്രതി ചേർത്തിട്ടില്ല. സംഭവത്തിൽ കോർപ്പറേഷനും അന്വേഷണം തുടങ്ങിയിട്ടുണ്ട്. കോർപ്പറേഷൻ അഡീഷണൽ സെക്രട്ടറിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടത്തുക. ജീവനക്കാരിൽനിന്ന് മൊഴിയെടുക്കും. അടുത്തിടെ നൽകിയ മുഴുവൻ കെട്ടിടനികുതിയും പരിശോധിക്കും. 2022 ജൂൺ മാസം ആദ്യമാണ് ക്രമക്കേട് നടന്നതെന്നാണ് വിവരം. വൻ തട്ടിപ്പാണ് കോർപ്പറേഷനിൽ നടന്നത്. സെക്രട്ടറിയുടെ പാസ്സ്‌വേർഡ് ചോർത്തിയാണ് പൊളിക്കാൻ നിർദ്ദേശിച്ച കെട്ടിടങ്ങൾക്ക് ഉദ്യോഗസ്ഥർ നമ്പർ നൽകിയത്.

പൊളിക്കാൻ ഉദ്ദേശിച്ച കെട്ടിടത്തിന് നമ്പർ ഇട്ടു നൽകിയ സംഭവത്തിൽ നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാനാണ് നിർദ്ദേശം. കോഴിക്കോട് കോർപ്പറേഷൻ ഓഫീസിലെ സൂപ്രണ്ട്, റവന്യൂ ഇൻസ്പെക്ടർ, ബേപ്പൂർ സോണൽ ഓഫീസ് സൂപ്രണ്ട്, റവന്യൂ ഓഫീസർ എന്നിവരെ സസ്പെന്‍ഡ് ചെയ്യാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

കോർപ്പറേഷൻ പരിധിയിൽ കഴിഞ്ഞ ആറുമാസത്തിനിടെ മുന്നൂറോളം കെട്ടിടങ്ങൾ ചട്ടവിരുദ്ധമായി ക്രമപ്പെടുത്തി. മൂന്ന് ഘട്ടങ്ങളിൽ പരിശോധന നടത്തി മാത്രമേ കെട്ടിടനമ്പർ നൽകാൻ കഴിയൂ എന്നിരിക്കെ നടന്ന ക്രമക്കേടിന് പിന്നിൽ വലിയ സംഘം പ്രവർത്തിക്കുന്നതായാണ് സൂചന. ആറുമാസത്തിനിടെ ചെറുവണ്ണൂർ സോണൽ ഓഫീസിൽ 260, കോർപറേഷൻ ഓഫീസിൽ 30, ബേപ്പൂർ സോണൽ ഓഫീസിൽ നാല് എന്നിങ്ങനെയാണ് അനധികൃത നിർമ്മാണങ്ങൾ ക്രമവൽക്കരിച്ചിരിക്കുന്നത്. സഞ്ജയ് സോഫ്റ്റ്‌വെയർ പാസ്സ്‌വേർഡ് ചോർത്തിയാണ് ക്രമക്കേട് നടന്നതെന്ന് കോർപ്പറേഷൻ കണ്ടെത്തി. ഒരു ഉദ്യോഗസ്ഥന്റെ മാത്രം യൂസർനെയിമും, പാസ്‌വേർഡും ചേർത്തു ക്രമക്കേട് കാണിക്കാൻ ആവില്ല. കഴിഞ്ഞദിവസം കണ്ടെത്തിയ ക്രമക്കേടിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര അന്വേഷണത്തിന് മാത്രമാണ് കോർപ്പറേഷൻ ഉത്തരവിട്ടിരിക്കുന്നത്. ക്രമവൽക്കരിച്ച കെട്ടിടങ്ങൾക്ക് ഡിജിറ്റൽ സിഗ്നേച്ചർ ഇട്ടത് ചെറുവണ്ണൂർ സോണൽ ഓഫീസിൽ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നിലവിൽ നാലു കെട്ടിടങ്ങളിൽ മാത്രമാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത് എന്നും കെട്ടിട ഉടമകൾ, ഉദ്യോഗസ്ഥർ എന്നിവരിൽ നിന്നും ഉടൻ മൊഴിയെടുക്കും എന്നാണ് കോർപ്പറേഷൻ ഇപ്പോൾ വിശദീകരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →