രായമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന് കായകല്പ പുരസ്‌ക്കാര നേട്ടത്തിന് പിന്നാലെ ദേശീയ അംഗീകാരം കൂടി തേടിയെത്തിയിരിക്കുകയാണ്.
കേന്ദ്ര സർക്കാരിന്റെ ദേശിയ ഗുണനിലവാര സർട്ടിഫിക്കറ്റ്
(NQAS) നേട്ടത്തിനാണ് രായമംഗലം കുടുംബാരോഗ്യ കേന്ദ്രം അർഹമായിരിക്കുന്നത്. ആശുപത്രിയിലെ ഒ.പി വിഭാഗത്തിന്റെ പ്രവർത്തനം, ദേശീയ ആരോഗ്യ പരിപാടികളുടെ നടത്തിപ്പ്, ലബോറട്ടറിയിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, ശുചിത്വം, അണുബാധ നിയന്ത്രണം, രോഗി സൗഹൃദം, ഭരണ നിർവഹണം തുടങ്ങിയ ഘടകങ്ങളാണ് അവാർഡിന് മാനദണ്ഡമായി പരിഗണിച്ചത്. ഇക്കാര്യങ്ങളിൽ 96 ശതമാനം മാർക്കാണ് രായമംഗലം കുടുംബാരോഗ്യ കേന്ദ്രം നേടിയത്.
സംസ്‌ഥാന സർക്കാരിന്റെ കായകല്പ പുരസ്കാരത്തിൽ എറണാകുളം ജില്ലയിൽ ഒന്നാം സ്ഥാനവും ഇക്കുറി സ്ഥാപനത്തിന് ലഭിച്ചിരുന്നു. ആരോഗ്യ മേഖലയ്ക്ക് പ്രത്യേക ഊന്നൽ നൽകികൊണ്ടാണ് രായമംഗലം ഗ്രാമപഞ്ചായത്ത് മുന്നോട്ട് പോകുന്നത്. ഭരണ സമിതിയും മെഡിക്കൽ ഓഫീസർ ഡോ. ഗോപിക പ്രേമിന്റെയും നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരും ഒത്തൊരുമിച്ചു പ്രയത്നിച്ചതിന്റെ ഫലമായാണ് നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചതെന്ന്പഞ്ചായത്ത് പ്രസിഡന്റ് എൻ.പി അജയകുമാർ പറഞ്ഞു.
നിലവിൽ മൂന്ന് ഡോക്ടർമാരാണ് ആശുപത്രിയിൽ ഉള്ളത്. ഒ.പി സേവനങ്ങൾ കൂടാതെ പെയിൻ & പാലിയേറ്റീവ് കെയർ സംവിധാനം വഴി മുന്നൂറ്റമ്പതോളം കിടപ്പ് രോഗികൾക്ക് ശുശ്രൂഷ നൽകി വരുന്നു. ഇതിനെല്ലാം പുറമെ ‘സഞ്ചരിക്കുന്ന ആശുപത്രി’ സേവനവും ജനങ്ങൾക്ക് ലഭ്യമാക്കുന്നുണ്ട്. സഞ്ചരിക്കുന്ന ആശുപത്രിയിലൂടെ ഒരു മാസം ഏകദേശം 1500 പേർക്കാണ് ചികിത്സയും മരുന്നും നൽകുന്നത്.
ആശുപത്രിയിലെ ലബോറട്ടറി വഴിയുള്ള സേവനങ്ങളും എടുത്ത് പറയേണ്ടതാണ്. ക്ഷയ രോഗം കണ്ടെത്തുന്നതിനുള്ള കഫ പരിശോധന, തൈറോയ്ഡ് പരിശോധന, കൊളെസ്ട്രോൾ നിർണയം, ലിവർ ഫങ്ഷൻ ടെസ്റ്റ്, പ്രമേഹ പരിശോധന, ഡെങ്കിപ്പനി- മലമ്പനി നിർണയം, ഹെപ്പറ്റൈറ്റിസ് ബി പരിശോധന തുടങ്ങിയവയാണ് ലാബിൽ നിന്ന് ലഭിക്കുന്ന സേവനങ്ങൾ.
കൂടുതൽ സൗകര്യങ്ങൾ ആശുപത്രിയിൽ ഏർപ്പെടുത്താൻ ഇനിയും ശ്രമങ്ങൾ തുടരുമെന്നും കിടത്തി ചികിത്സ ഉൾപ്പെടെ ആരംഭിക്കാനുള്ള നീക്കം വേഗത്തിലാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.