അങ്കണവാടികൾ സ്മാർട്ട് ആക്കുന്നതിനൊപ്പം എല്ലാ അങ്കണവാടികളും വൈദ്യുതീകരിക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. സർക്കാരിന്റെ നൂറു ദിന കർമ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ വൈദ്യുതി ലഭ്യമല്ലാതിരുന്ന 49 അങ്കണവാടികൾ വൈദ്യുതീകരിച്ചു. ശേഷിക്കുന്ന ആറെണ്ണം ഉടൻ തന്നെ വൈദ്യുതീകരിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ഇതിൽ ആലങ്ങാട് ഐ. സി. ഡി. എസിനു കീഴിലുള്ള അങ്കണവാടിയിൽ സോളാർ പാനലുകൾ ആയിരിക്കും സ്ഥാപിക്കുന്നത്. ഈ ആറ് അങ്കണവാടികൾ കൂടി വൈദ്യുതീകരിക്കുന്നതോടെ ജില്ലയിലെ 100 ശതമാനം അങ്കണവാടികളിലും വൈദ്യുതി ലഭ്യമാവും.
വനിത ശിശു വികസന വകുപ്പിന് കീഴിൽ ജില്ലയിൽ 2858 അങ്കണവാടികളാണ് പ്രവർത്തിക്കുന്നത്. സ്വന്തമായി കെട്ടിടമില്ലാത്ത അങ്കണവാടികൾക്ക് സ്വന്തം കെട്ടിടം നിർമ്മിക്കാനുള്ള ശ്രമങ്ങൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും വനിതാ ശിശു വികസന വകുപ്പിന്റെയും നേതൃത്വത്തിൽ നടന്നു വരികയാണ്. നിലവിൽ 70 അങ്കണവാടി കെട്ടിടങ്ങളുടെ നിർമാണമാണ് നടക്കുന്നത്. മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ കെട്ടിടങ്ങൾ നിർമിക്കുന്നത്.
ജില്ലയിലെ 2026 അങ്കണവാടികൾ സ്വന്തം കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. 670 അങ്കണവാടികൾ വാടകകെട്ടിടങ്ങളിലും 17 എണ്ണം വാടക രഹിത കെട്ടിടങ്ങളിലും 44 എണ്ണം മറ്റു കെട്ടിടങ്ങളിലും ആണ് പ്രവർത്തിക്കുന്നത്. വൈദ്യുതി, കുടിവെള്ളം, ശുചിമുറി എന്നിവയും എല്ലാ അങ്കണവാടികൾക്കും ഉറപ്പാക്കും.

