പ്രകൃതി, മൃഗങ്ങള്‍, മനുഷ്യന്‍ എല്ലാത്തിനേയും കൂട്ടിയോജിപ്പിച്ചുള്ള ആരോഗ്യ നയത്തിനാണ് സര്‍ക്കാര്‍ പ്രാധാന്യം കൊടുക്കുന്നത്

ആരോഗ്യമേളകളുടെയും ഏകാരോഗ്യ പദ്ധതി ജനകീയ ക്യാമ്പയിന്റെയും ഇടുക്കി ജില്ലാതല ഉദ്ഘാടനം നടത്തി

ഇടുക്കി: പ്രകൃതി, മൃഗങ്ങള്‍, മനുഷ്യന്‍ എല്ലാത്തിനേയും കൂട്ടിയോജിപ്പിച്ചു കൊണ്ടുള്ള ആരോഗ്യ നയത്തിനാണ് സര്‍ക്കാര്‍ പ്രാധാന്യം കൊടുക്കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. അടിമാലി ബ്ലോക്ക്തല ആരോഗ്യമേളയുടെ ഭാഗമായി ആരോഗ്യമേളകളുടെ ജില്ലാതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പരിസ്ഥിതി, മൃഗാരോഗ്യം, മനുഷ്യാരോഗ്യം എന്നിവയുടെ സംയുക്ത പ്രവര്‍ത്തനം വഴിയാണ് സമ്പൂര്‍ണ്ണ ആരോഗ്യം എന്ന യാഥാര്‍ത്ഥ്യത്തിലേക്കെത്താന്‍ കഴിയൂ. ഈ സമീപനം വളര്‍ത്തി കൊണ്ട് വരേണ്ടത് ഏകാരോഗ്യം എന്ന പദ്ധതിയുടെ വിജയത്തിനും നമ്മുടെ നാടിന്റെ നിലനില്‍പ്പിനും അനിവാര്യമാണെന്ന തിരിച്ചറിവ് ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നു. മനുഷ്യന്റെയും മൃഗങ്ങളുടെയും ആരോഗ്യം പരിസ്ഥിതിയുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നുവെന്ന തിരിച്ചറിവാണ് നമുക്ക് സ്വീകരിക്കേണ്ടതായി വരുന്നത്. ഘട്ടം ഘട്ടമായി എല്ലാ ജില്ലകളിലേക്കും ഏകാരോഗ്യം പദ്ധതി നടപ്പിലാക്കും. നിപ, കൊവിഡ് ഉള്‍പ്പെടെയുള്ള രോഗങ്ങളുടെ സാഹചര്യത്തിലാണ് ഇങ്ങനെയൊരു പഠനത്തിനും സമീപനത്തിലേക്കും വരാനായി കഴിഞ്ഞിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

ഏകാരോഗ്യം പദ്ധതി ജനകീയ ക്യാമ്പയിന്റെ ഉദ്ഘാടനം അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി നിര്‍വ്വഹിച്ചു. നാം ജീവിക്കുന്ന പ്രകൃതിക്ക് ആരോഗ്യം ഉണ്ടെങ്കിലെ നമുക്കും ആരോഗ്യം ഉണ്ടാകുവെന്ന് എം പി പറഞ്ഞു. സലുദ് ഫെസ്റ്റ് 2022 എന്ന പേരില്‍ അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തിലായിരുന്നു അടിമാലി ബ്ലോക്ക്തല ആരോഗ്യമേള സംഘടിപ്പിച്ചത്. അടിമാലി ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടില്‍ നിന്നാരംഭിച്ച ഇരുചക്രവാഹന റാലിയോടെയായിരുന്നു മേളക്ക് തുടക്കം കുറിച്ചത്. ഡെപ്യൂട്ടി ഡി എം ഒ ഡോ. സുഷമ പി കെ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. റാലിക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഫ്‌ളാഷ് മോബ് അരങ്ങേറി. അലോപ്പതി, ആയുര്‍വ്വേദം, ഹോമിയോ വിഭാഗങ്ങളുടെ സ്റ്റാളുകളും എക്‌സിബിഷനുകളും സ്‌ക്രീനിംഗ് ക്യാമ്പുകള്‍ക്കുമൊപ്പം ഇതരവകുപ്പുകളുടെ പ്രദര്‍ശനവും മേളയുടെ ഭാഗമായി ക്രമീകരിച്ചിരുന്നു. മേളയുടെ ഭാഗമായി ഒരുക്കിയ സിഗ്നേച്ചര്‍ ക്യാമ്പയിനില്‍ എംപിയും എംഎല്‍എയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കളക്ടറും ത്രിതല പഞ്ചായത്തംഗങ്ങളും പങ്ക് ചേര്‍ന്നു. ക്യാന്‍സര്‍ നേരത്തെ അറിയാന്‍, യോഗയും ഗര്‍ഭകാല പരിചരണവും, അപകടങ്ങളും സുരക്ഷയും തുടങ്ങി വിവിധ വിഷയങ്ങളില്‍ മേളയോടനുബന്ധിച്ച് സെമിനാറുകള്‍ നടന്നു. ആദിവാസി വിഭാഗക്കാരുടെ നൃത്തരൂപമായ കൂത്തടക്കമുള്ള കലാപരിപാടികളും ഫുട്‌ബോള്‍ അടക്കമുള്ള കായികപ്രദര്‍ശന മത്സരങ്ങളും മേളയോടനുബന്ധിച്ച് അരങ്ങേറി. ഉദ്ഘാടന ചടങ്ങില്‍ അഡ്വ. എ രാജ എംഎല്‍എ അധ്യക്ഷത വഹിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →