ബംഗളൂരു: ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് പോലീസ് സ്ഥിരം ലൈസന്‍സ് നല്‍കുന്നുവെന്ന ആരോപണത്തില്‍ കര്‍ണാടക ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ പ്രതികരണം തേടി. ശബ്ദ മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ (2000) ലംഘിച്ച് പൊലീസ് ഇത്തരത്തില്‍ പെര്‍മിറ്റുകള്‍ നല്‍കിയെന്നാരോപിച്ചുള്ള ഹര്‍ജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസ് അശോക് എസ് കിനാഗി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. അത്തരം സ്ഥിരം ലൈസന്‍സുകള്‍ നല്‍കിയത് ഏത് വ്യവസ്ഥകള്‍ അടിസ്ഥാനമാക്കിയാണെന്ന് വ്യക്തമാക്കാനും ശബ്ദമലിനീകരണ നിയന്ത്രണ നിയമങ്ങള്‍ പാലിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് വിശദീകരിക്കാനുമാണ് ബെഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.ലൗഡ് സ്പീക്കറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ലൈസന്‍സ് ഏതൊക്കെ വ്യവസ്ഥകള്‍ പ്രകാരമാണ് അനുവദിക്കാവുന്നത് ? രണ്ടാമതായി, നിയമവിരുദ്ധമായ ഉച്ചഭാഷിണികള്‍ ഇല്ലെന്ന് ഉറപ്പാക്കാന്‍ നിങ്ങള്‍ എന്ത് ചെയ്യുന്നു? എന്നാണ് കോടതി ചോദിച്ചത്.അടുത്തിടെയാണ് സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് ശബ്ദമലിനീകരണ നിയന്ത്രണ നിയമം സര്‍ക്കാര്‍ കര്‍ശനമാക്കിയത്.
ഉച്ചഭാഷിണി ഉപയോഗിക്കുന്നവര്‍ അധികൃതരില്‍ നിന്ന് 15 ദിവസത്തിനകം അനുമതി വാങ്ങണമെന്നാണ് നിര്‍ദേശം. രാത്രി 10 മുതല്‍ രാവിലെ 6 വരെ ഉച്ചഭാഷിണി പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. ഇതു സംബന്ധിച്ച പുതിയ ഉത്തരവ് ചീഫ് സെക്രട്ടറി പി രവികുമാര്‍ പുറത്തിറക്കിയിരുന്നു. 2005-ലെ സംപ്രീം കോടതി ഉത്തരവ് പ്രകാരമാണ് പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഉച്ച ഭാഷിണികള്‍ക്കായുള്ള അപേക്ഷകള്‍ പരിഗണിക്കുന്നതിനായി വിവിധ സമിതികള്‍ക്ക് രൂപം നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. നഗരങ്ങളില്‍ അസിസ്റ്റന്റ് പോലീസ് കമീഷണര്‍, നഗര സഭകളിലെ എക്സിക്യൂട്ടീവ് എഞ്ചിനിയര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രതിനിധികള്‍, ഡിവൈഎസ്പിമാര്‍, തഹസില്‍ദാര്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണ്.

