ടി.വി.സ്‌ക്രീന്‍ നിറയെ സിനിമാ താരങ്ങളാണ്. ഒരു ലക്ഷത്തി തൊണ്ണൂറ്റാറായിരത്തി എണ്ണൂറ് വോട്ടര്‍മാരുള്ള തൃക്കാക്കര മണ്ഡലത്തില്‍ വോട്ടുള്ള ആറോ, ഏഴോ താരങ്ങള്‍ക്കു ചുറ്റും ചാനലുകള്‍ കറങ്ങുമ്പോള്‍, മെഗാസ്റ്റാറിനെ കണ്ടപ്പോള്‍ ബ്രേക്ക് പോയൊരു സ്ഥാനാര്‍ത്ഥി ഇങ്ങേരുടെയാളാണ് എന്ന് മറ്റുള്ളവര്‍ അറിയത്തക്കവിധത്തില്‍ മെഗാസ്റ്റാറിനും ചാനല്‍ കാമറക്കുമിടയില്‍ നിര്‍വൃതിയടയുന്നതും ഇടക്ക് കണ്ടു. എന്തൊരു വിരോധാഭാസം! ഒരാള്‍ക്ക് ഒരു വോട്ട് രീതി നിലനില്‍ക്കുന്ന ഒരു നാട്ടിലെ സ്ഥിതി!!
സിനിമാ താരങ്ങള്‍ക്ക് എന്താണിത്ര പ്രാധാന്യം? അവര്‍ പ്രവര്‍ത്തിക്കുന്ന മേഖല ഗ്ലാമര്‍ പരിവേഷമുള്ളതും, യാതൊരു നീതികരണവുമില്ലാത്ത, അദ്ധ്വാനവുമായി പൊരുത്തമില്ലാത്ത കനത്ത പ്രതിഫലം ലഭിക്കുന്നതുമാണ് എന്ന പ്രത്യേകത മാത്രമാണവര്‍ക്കുള്ളതെന്ന് ആര്‍ക്കാണറിയാത്തത്. അഭിനയ മികവില്‍ അവര്‍ക്കുമെത്രയോ ഉയരങ്ങളില്‍ നില്‍ക്കുന്ന, നാലും അഞ്ചും പതിറ്റാണ്ട് അഭിനയ വേദിയില്‍ ചോര നീരാക്കിയ നാടക പ്രതിഭകള്‍ തൃക്കാക്കരയില്‍ ക്യൂ നിന്ന് വോട്ടു ചെയ്തു! ഒരു മാധ്യമവും അങ്ങനെയൊരാളെ സമീപിച്ച് അഭിപ്രായം തേടിയില്ല. പകരം സിദ്ദിക്കിന്റെ ഊളത്തരങ്ങള്‍ ആഘോഷിച്ചു തകര്‍ത്തു.
അഭിനയം നാടിനെ മാറ്റിയ കാലം
വോട്ട് ദിവസം നമ്മുടെ കാഴ്ചയിലേക്കിടിച്ചു കയറിയ ഏതു താരത്തിനുണ്ട് അരനൂറ്റാണ്ടിലേറെ നാടകവേദിക്ക് വേണ്ടി ജീവിച്ച് കൊച്ചിയില്‍ നിശ്ശബ്ദം കഴിഞ്ഞുകൂടുന്ന എ.ആര്‍.രതീശന്റെയോ, നെല്‍സല്‍ ഫെര്‍ണാണ്ടസിന്റെയോ പ്രതിഭ?
നാടകക്കാര്‍ നാടിനുവേണ്ടി പൊരുതുന്നവരാണെന്ന മാന്യത കല്‍പ്പിച്ചു നല്‍കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. കേരളത്തില്‍ സാമൂഹ്യ പരിഷ്‌കരണത്തില്‍ പടവാളായി നാടകം മാറിയ കാലഘട്ടം. ‘അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്’ ‘പാട്ടബാക്കി’ ‘ഇത് ഭൂമിയാണ്’ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’-ഒന്നും ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നില്ല.
എന്നാല്‍ കാലം പുരോഗമിക്കവേ, കല കിതയ്ക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. സര്‍വ്വപ്രതാപവും പ്രാധാന്യവും സിനിമ കൊണ്ടുപോയി. സിനിമയാകട്ടെ സമൂഹത്തിനുവേണ്ടി ഒന്നും തിരിച്ചുനല്‍കിയുമില്ല. സാമൂഹ്യ പ്രതിബദ്ധതയുടെ അഗ്‌നിയില്‍ അരങ്ങിനെ ജ്വലിപ്പിച്ച നാടകപ്രതിഭകള്‍ മരുന്നു വാങ്ങാന്‍ കാശില്ലാതെ നരകിക്കുന്നു.
സിനിമ ജീവിതത്തിനെന്തു നല്‍കി?
താരസംഘടനയായ അമ്മയുടെ ട്രഷറര്‍ പീഡന ക്വട്ടേഷന്‍ കേസില്‍ കുറ്റാരോപിതനായി നില്‍ക്കുന്ന സാഹചര്യത്തില്‍, ആ സംഘടനയുടെ പ്രസിഡന്റിനെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ മുഖ്യാതിഥിയാക്കുന്നതില്‍ സാംസ്‌കാരിക രംഗത്തെ സംശുദ്ധ വ്യക്തിത്വങ്ങള്‍ [ഏറെയും സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവര്‍] എതിര്‍പ്പ് അറിയിച്ചത് ഓര്‍മ്മവരുന്നു. എതിര്‍പ്പുയര്‍ന്ന അന്ന് തന്നെ മോഹന്‍ലാല്‍ മുഖ്യാതിഥിയായിരിക്കുമെന്ന് ഉറപ്പാക്കി നിലപാട് പ്രഖ്യാപിച്ചു കേരള ഗവണ്‍മെന്റ്..! താരങ്ങള്‍ പുലരേണ്ടത് സര്‍ക്കാരിന്റെയും രാഷ്ട്രീയനേതൃത്വങ്ങളുടെയും മാധ്യമങ്ങളുടെയും ആവശ്യമാണ്.
മുകേഷിനെയും ഗണേശ് കുമാറിനെയും ജഗദീഷിനെയും ധര്‍മ്മജനെയും സ്ഥാനാര്‍ത്ഥിയാക്കാന്‍ തത്രപ്പെട്ട പാര്‍ട്ടികള്‍, ഉജ്ജലമായ രാഷ്ട്രീയ-സാമൂഹ്യ ഇടപെടല്‍ നടത്തുന്ന നാടകക്കാരിലാര്‍ക്കെങ്കിലും സീറ്റു നല്‍കുമോ? ഓളം ഉണ്ടാക്കാന്‍ തെരുവു നാടകം നടത്താന്‍ മാത്രം മതി അവര്‍! എന്തിന്, സംഗീത നാടക അക്കാദമിയില്‍ ചെയര്‍മാനാക്കാന്‍ പോലും സിനിമക്കാര്‍ക്കാണ് പരിഗണന! സി.ജെ.തോമസും തോപ്പില്‍ ഭാസിയും കെ.ടി.യും എന്‍.എന്‍.പിള്ളയും സാംസ്‌കാരിക അജണ്ടകള്‍ നിര്‍ണ്ണയിച്ച നാട്ടിലെ സ്ഥിതിയാണിത്!
അവരെ പൊക്കാന്‍ മുഖ്യമന്ത്രിമുതല്‍ തറടിക്കറ്റ്‌വരെ. അവനോ ഏകനും ആത്മാവില്‍ നഗ്നനും
നവ സെലിബ്രിറ്റികളും അവരെ ദൈവമാക്കുന്ന ആരാധകരും മാദ്ധ്യമങ്ങളും വല്ലപ്പോഴും ജോണ്‍ അബ്രാഹം എന്ന പച്ച മനുഷ്യനെപ്പറ്റി ഓര്‍ക്കുന്നത് നന്നായിരിക്കും. കേന്ദ്രസര്‍ക്കാര്‍ ശമ്പളം ലഭിക്കുന്ന ജോലി വേണ്ടെന്ന് വച്ച് കലയ്ക്കു വേണ്ടി പട്ടിണിയെ വരിച്ച് മനുഷ്യസാഗരത്തില്‍ ഏകനായി ആത്മാവിന്റെ നഗ്നതയുമായി ജോണ്‍ നിന്നു. എങ്ങനെ രാഷ്ട്രീയ സിനിമ ചെയ്യണമെന്നതിന്റെ പീഠികയായിരുന്നു ചെയ്ത ചിത്രങ്ങളെല്ലാം. ഒരു ക്യാമറ തരൂ ഞാന്‍ ജീവിച്ചു കൊള്ളാം എന്ന് പറയാറുണ്ടായിരുന്ന ജോണ്‍ അത് കാണിച്ചു കൊടുത്തു. മഹത്തായ രാഷ്ട്രീയ സിനിമയുടെ രക്തത്തില്‍പ്പിറന്ന ഏക മലയാളി. ചെയ്ത ചിത്രങ്ങളെല്ലാം അന്തര്‍ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ട, ഉന്നത ഫിലിം മേളകളുടെ ഹരമായ ദേഹമാണ് കുട്ടനാട്ടിലെയും കോഴിക്കോടിലെയും തെരുവുകളില്‍ പ്രിയ സൗഹൃദങ്ങള്‍ക്കു വേണ്ടി, യാചകനെപ്പോലെ ജീവിച്ചത്. ജോണില്‍ കലയുണ്ടായിരുന്നു. രാഷ്ടീയ ബോദ്ധ്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സെലിബ്രിറ്റിയായില്ല. ഇന്നത്തെ സിനിമാ സെലിബ്രിറ്റികളില്‍ എള്ളോളമില്ലാത്തതും ഇതാണ്. അവരെ പൊക്കാന്‍ മുഖ്യമന്ത്രി മുതല്‍ തറടിക്കറ്റ് കാണിവരെ ക്യൂവിലുണ്ട്. ജോണ്‍ അബ്രാഹമിന്റെ ബോഡി തിരിച്ചറിയപ്പെടാതെ കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ അനാഥമായി കിടന്നത് ഇവരൊക്കെ ഓര്‍മ്മിക്കുന്നുണ്ടാവുമോ?
അന്നയാള്‍ പ്രേംനസീറിനെപ്പോലെ സുമുഖനായിരുന്നു.
ഇടുക്കി ജില്ലയിലെ ഹൈറേഞ്ചിന്റെ ദുഷ്‌കരമായ ആദ്യകാലഘട്ടത്തെ കലാവേശിതരില്‍ പ്രമുഖനായ ഒരാള്‍ കാലയവനികയില്‍ മറഞ്ഞ സങ്കടത്തില്‍ കുറിപ്പവസാനിപ്പിക്കാം. എഴുപതുകളില്‍ കട്ടപ്പന സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ നാടകത്തിന്റെ വിളനിലമായിരുന്നു. വാര്‍ഷികത്തിന് ഒരു ദിവസം മുഴുവന്‍ നാടകത്തിന് മാറ്റി വയ്ക്കണമായിരുന്നു. ഇന്നും കൈവെയ്ക്കാന്‍ മടിക്കുന്ന പ്രമേയങ്ങള്‍, അസാധാരണ ചങ്കൂറ്റത്തോടെ, വ്യത്യസ്ഥ രംഗഭാഷയില്‍ വേദികളിലെത്തിക്കാന്‍ വലിയ പരിശ്രമമാണ് നടന്നത്.
അന്നത്തെ അരങ്ങിന്റെ മുഖവും അടയാളവുമായിരുന്നു രാജന്‍ കുമ്പഴ. മികച്ച ഗായകന്‍, പ്രേംനസീറിനെപ്പോലെ സുമുഖന്‍, ഡോക്ടറായും കുഷ്ഠരോഗിയായും പട്ടാളക്കാരനായും അരങ്ങില്‍ വന്നു കഴിയുമ്പോള്‍ ആസ്വാദകര്‍ അത്ഭുതത്താല്‍ വാ പിളര്‍ന്നിരിക്കുമായിരുന്നു.
ജയിംസ് കാരിയില്‍, രാജന്‍, ഇരട്ടയാര്‍ തോമസ് കറ്റിയാമല ബാബു പേരുമറന്നുപോയ മറ്റ് ചിലര്‍-ഇവരെല്ലാം കൂടി ഹൈറേഞ്ചില്‍ സൃഷ്ടിച്ച നാടകാനുഭവം തെളിമയോടെ മനസ്സിലുണ്ട്. നാടകങ്ങളുടെ പേരുപോലും മറന്നിട്ടില്ല: ചാവുകടല്‍, ദാരുശില്‍പ്പം, അങ്ങനെ പോകുന്നു. യേശുദാസിന്റെ ഹിറ്റ് ഗാനങ്ങളും എഴുപതുകളുടെ നൊസ്റ്റാള്‍ജിയ ആയിരുന്ന ലളിതഗാനങ്ങളും അതിമധുരത്തോടെ ആലപിച്ച് രാജന്‍ ആരാധകരെ സൃഷ്ടിച്ചു. സംഗീതമഭ്യസിക്കുവാന്‍ ജീവിതം അനുവദിച്ചിരുന്നെങ്കില്‍ വലിയൊരു ഗായകനും കൂടി ആകുമായിരുന്നു.
അക്കാലത്ത് ഹൈറേഞ്ച് ജീവിതം ശ്രമകരമാണ്. കോളജുകളില്ല. വരുമാനമില്ല… എണ്‍പതുകളില്‍ പ്രാദേശിക കലാസമിതികളുടെയും വായനശാലകളുടെയും ചില മുഴുനീള നാടകങ്ങളില്‍ രാജന്‍ നിറഞ്ഞുനിന്നു. പിന്നെ പ്രാരാബ്ധങ്ങളിലേക്ക് ചുരുങ്ങി. ഹൈറേഞ്ചിന് പുറത്ത് കടക്കാന്‍ സാഹചര്യമുണ്ടായിരുന്നെങ്കില്‍ കേരളമറിയുന്ന നടനായിമാറുമായിരുന്നു…
പത്ത് വര്‍ഷത്തിലേറെയായി വായ്ക്കുള്ളില്‍ കയറിക്കൂടിയ കാന്‍സറുമായി യുദ്ധത്തിലായിരുന്നു. രാജന്‍ കുമ്പഴ എന്ന നടന്‍ പോരാട്ടമവസാനിപ്പിച്ചു. പ്രണാമം!