ന്യൂഡല്‍ഹി: പഞ്ചാബി ഗായകന്‍ സിദ്ദു മൂസെവാലയുടെ കൊലാപതാകത്തിനു പിന്നിലെ ബുദ്ധികേന്ദ്രം കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്ണോയിയെന്നു പോലീസ്. എന്നാല്‍, ഇയാള്‍ ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ലെന്നും ഡല്‍ഹി പോലീസ് അറിയിച്ചു. നിലവില്‍ ഡല്‍ഹി തിഹാര്‍ ജയിലിലുള്ള ബിഷ്ണോയിയെ കേസുമായി ബന്ധപ്പെട്ട് നിരവധി തവണ ചോദ്യം ചെയ്തിരുന്നു. മൂസെവാല വധത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത കനേഡിയന്‍ ഗുണ്ടാത്തലവന്‍ ഗോള്‍ഡി ബ്രാറുമായി ഇയാള്‍ക്ക് അടുത്തബന്ധമുണ്ടെന്നും പോലീസ് വ്യക്തമാക്കി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ബ്രാര്‍, മൂസെവാലയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. കഴിഞ്ഞ 29 ന് പഞ്ചാബിലെ മന്‍സാ ജില്ലയില്‍ സ്വന്തം എസ്.യു.വിയില്‍ സഞ്ചരിക്കുന്നതിനിടെയാണ് സിദ്ദു മൂസെവാലയ്ക്കു നേരേ ആക്രമണമുണ്ടായത്. ഇക്കഴിഞ്ഞ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂസെവാല കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചു പരാജയപ്പെട്ടിരുന്നു. അതിനിടെ, ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനെതിരായ വധഭീഷണിയുമായി തനിക്ക് ബന്ധമില്ലെന്ന് ബിഷ്ണോയി ആവര്‍ത്തിച്ചു.
മൂസെവാല വധത്തിനു പിന്നില്‍ ബിഷ്ണോയിയെന്ന് പോലീസ്
